കാര്‍ത്തിക വിളക്കുകള്‍ വീണ്ടും കണ്ണുതുറന്നപ്പോള്‍!

അപ്രതീക്ഷിതമായി വീണ്ടുമൊരു യാത്ര; മഴയിലേക്ക്, സ്‌നേഹത്തിന്റെ തണുപ്പിലേക്ക്, എന്റെ പ്രിയപ്പെട്ടവരിലേക്ക്...

പെരുന്നാളും, പുതുവര്‍ഷവും, വാരാന്ത്യവും എല്ലാം ചേര്‍ന്ന് ഏതാനും ദിവസത്തെ അവധി ഒന്നിച്ച് കിട്ടിയപ്പോഴാണ് ഒന്നു നാട്ടില്‍ പോയി വന്നാലോ എന്ന ചിന്ത മനസ്സിനെ വിടാതെ പിടി കൂടിയത്. ജനറല്‍ മാനേജരുടെ സമ്മതം കൂടി ആയപ്പോള്‍ പിന്നെ എങ്ങനെയും ഒരു വിമാനടിക്കറ്റ് തരപ്പെടുത്താനുള്ള നെട്ടോട്ടമായി. അവസാനം നവംബര്‍ കുളിരുള്ള പ്രഭാതത്തില്‍ എയര്‍ അറേബ്യ വിമാനത്തില്‍ പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ സമയത്തിന് വേഗം പോരാ എന്ന് തോന്നാന്‍ തുടങ്ങി! പുലര്‍‌വെളിച്ചത്തില്‍ നിരനിരയായി മുനിഞ്ഞ് കത്തുന്ന റണ്‍‌വേ വിളക്കുകള്‍ കാര്‍ത്തികവിളക്കുകളേ ഓര്‍മ്മിപ്പിച്ചു.

ദൂരെ നിഴല്‍ പോലെ കാണുന്ന മലനിരകളില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു.

‘മോന്‍ നാട്ടിലേക്കാണല്ലേ?’

ഇതെന്തൊരു ചോദ്യം എന്ന് കരുതി തിരിഞ്ഞു നോക്കുമ്പോഴാണ് തൊട്ടടുത്ത സീറ്റില്‍ കുറച്ച് പ്രായമായ ഒരു സ്ത്രീ. വീശദമായ ഒരു സംഭാഷണത്തിനുള്ള ഒരുക്കത്തിലാണ് അവരെന്ന് തോന്നി. അങ്ങോട്ട് എന്തെങ്കിലും പറയും മുമ്പ് തന്നെ അവര്‍ സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങി. നാട്ടില്‍ നിന്നും മകളുടെ പ്രസവം പ്രമാണിച്ച് കൂട്ടിന് വന്നതാണ്, ഇപ്പോള്‍ തിരിച്ച് പോകുന്നു. തന്നേയുള്ളു, ഇടയ്ക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായിക്കണം.

അധികം സംസാരിക്കാന്‍ താല്പര്യമില്ല എന്ന് തോന്നിയത് കൊണ്ടാവണം അവര്‍ നിശ്ശബ്ദയായി ഇരുന്നു. സീറ്റ്ബെല്‍റ്റ് ചിഹ്നം അപ്രത്യക്ഷമായതോടെ ആള്‍ക്കാര്‍ ട്രെയിന്‍ യാത്രയെ ഓര്‍മിപ്പിച്ച് കൊണ്ട് ഭക്ഷണപ്പൊതികള്‍ പുറത്തെടുക്കാന്‍ തുടങ്ങി! ഇക്കണോമി ഫ്ലൈറ്റ് ആയത് കാരണം സൌജന്യ ഭക്ഷണം കിട്ടില്ല എന്നറിയാവുന്ന മിക്കവരും ഭക്ഷണപ്പൊതികള്‍ ഒപ്പം കരുതിയിരുന്നു! മെനുകാര്‍ഡില്‍ ഒരു വെജിറ്റബള്‍ സമോസക്ക് 12 ദിര്‍ഹംസ് എന്ന് കണ്ടപ്പോള്‍ കൂടുതല്‍ നോക്കാതെ അത് മടക്കി വച്ചു.

ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. വിമനത്തിന്റെ ചിറകുകളില്‍ തട്ടിത്തിളങ്ങുന്ന പുലര്‍കാല സൂര്യന്റെ രശ്മികള്‍. താഴെ പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകിമറയുന്ന വെള്ളിമേഘങ്ങള്‍. മെല്ലെ സീറ്റിലേക്ക് ചാരി കണ്ണടച്ചു, മനസ്സില്‍ വീടും, നാടും, വീട്ടുകാരും ...

‘ഏതാനും  നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നു...’

എയര്‍ഹോസ്റ്റസിന്റെ അനൌണ്‍‌സ്‌മെന്റാണ് മയക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്! ജാലകത്തിലൂടെ പുറത്തേക്ക് നോക്കി, താഴെ പച്ചപ്പിന്റെ വിശാലത ... അതിനുമപ്പുറം കരയിലേക്ക് ആഞ്ഞടിച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍. കടലിന്റെ വന്യമായ സൗന്ദര്യം.

ഒരു ശക്തമായ കുലുക്കത്തോടെ വിമാനം നിന്നു. ഹാന്‍‌‌ബാഗുമെടുത്ത് പുറത്തിറാങ്ങാന്‍ തിരക്കു കൂട്ടുമ്പോള്‍ അടുത്തിരുന്ന വല്യമ്മ വീണ്ടും,

‘മോനെ, ഒരു പെട്ടിയുണ്ട്, അതെവിടെയാ വരിക എന്നറിയില്ല ... പിന്നെയീ കസ്റ്റംസിലൊക്കെ ...?’

താമസം ഉണ്ടാകുമല്ലൊ എന്നോര്‍ത്ത് ഒരല്പം അലോസരം തോന്നിയെങ്കിലും അവരുടെ കൂടെ തിരക്കു കഴിയുന്നത് വരെ നിന്നു. എന്തെല്ലാമോ കുത്തിനിറച്ച ഒരു ബാഗ്, പിന്നെ ഒരു ഹാന്‍ഡ് ബാഗും! അവരുടെ ബാഗും, എന്റെ ബാഗും രണ്ട് കൈകളിലും തൂക്കിപ്പിടിച്ച് പുറത്തേക്ക് നടന്നു. എയര്‍ഹോസ്റ്റസ്സിന്റെ ചുണ്ടത്ത് ഫിറ്റ് ചെയ്ത കൃത്രിമച്ചിരിയും ശുഭദിനവും കേട്ടപ്പോള്‍ ദേഷ്യമാണ് തോന്നിയത്!

രണ്ട് ട്രോളികളുമായാണ് കണ്‍‌വേയര്‍ ബെല്‍റ്റിനടുത്തേക്ക് പോയത്. അവസാനം സാമാന്യത്തിലധികം വലിപ്പമുള്ള ഒരു സ്യൂട്കേസ് കാണിച്ച് അവര്‍ പറഞ്ഞു, ‘ഇതാണ് മോനേ എന്റെ പെട്ടി’. ഒരു വിധത്തില്‍ അത് വലിച്ചെടുത്ത് അവരുടെ ട്രോളിയില്‍ വച്ചു കൊടുത്തു. ഏറെ നേരം കാത്ത് നിന്നിട്ടും എന്റെ ഒരു ചെറിയ ബാഗ് ഉണ്ടായിരുന്നത് വന്നില്ല.

‘മോനെ, എന്നെ കൂട്ടിക്കൊണ്ട് പോകാന്‍ വന്നവരൊക്കെ പുറത്ത് കാത്ത് നില്‍ക്കുന്നുണ്ടാവും!’ അവര്‍ അക്ഷമ കാട്ടാന്‍ തുടങ്ങി!!

കുറച്ച് സമയത്തെ കാത്തിരിപ്പിനൊടുവില്‍ വിമാനക്കമ്പിനിക്കാരുടെ അറിയിപ്പ് വന്നു, ‘കുറേപ്പേരുടെ ലഗ്ഗേജ് രാത്രിയിലെ വിമാനത്തിലെ വരൂ’. നാട്ടില്‍ പോയിട്ട് പിന്നെയും വരുന്ന കാര്യം ഓര്‍ത്തപ്പോള്‍ രാത്രി വരെ കാത്ത് നില്‍ക്കാം എന്ന് തീരുമാനിച്ചു. കസ്റ്റംസ് ക്ലിയര്‍ ചെയ്ത് വല്യമ്മയുടെ ട്രോളിയും തള്ളി പുറത്തെത്തുമ്പോള്‍ അവരെ സ്വീകരിക്കാനായി ഒരു ആള്‍ക്കൂട്ടം തന്നെ ഉണ്ടായിരുന്നു അവിടെ! അതിനിടയില്‍ അവരില്‍ ഒരാള്‍ വന്ന് ട്രോളി വാങ്ങി. പിന്നെ ഒരു യാത്ര പറയാനുള്ള മര്യാദ പോലും കാണിക്കാതെ വല്യമ്മ അവരോടൊപ്പം പോയി!

പിന്നെ എന്റെ കണ്ണുകള്‍ കൂട്ടുകാരനെ തിരഞ്ഞു. അധികം തിരയേണ്ടി വന്നില്ല, പബ്ബ്ലിക് ടെലഫോണ്‍ ബൂത്തിന്റെ മുന്നില്‍ പതിവ് സ്ഥാനത്ത് അയാളെ കണ്ടു. തെളിഞ്ഞ ഒരു പുഞ്ചിരിയില്‍, മൃദുവായ ഒരു ഹസ്തദാനത്തില്‍ 30 വര്‍ഷത്തെ ഹൃദയബന്ധത്തിന്റെ ഊഷ്മള സ്പര്‍ശം.

വിമാനത്താവളത്തിന് പുറത്ത് പകലിന് വല്ലാതെ ചൂട് പിടിച്ച് തുടങ്ങിയിരുന്നു. വൈകുന്നേരം വരെ സമയം കളയേണ്ടിയിരിക്കുന്നു. നഗരത്തിലെ പ്രശസ്തമായ ബാറിനുള്ളില്‍ നുരഞ്ഞു പതയുന്ന ബിയറും മൊത്തിക്കുടിച്ചിരിക്കുമ്പോള്‍ പതിവു പോലെ തന്നെ ഞങ്ങള്‍ വാചാലരായിരുന്നില്ല. വര്‍ഷങ്ങള്‍ കൂടുംതോറും ഇഴയടുപ്പം കൂടുന്ന ഞങ്ങളുടെ സൌഹൃദത്തില്‍ എന്നും ഹൃദയങ്ങള്‍ കൊണ്ടായിരുന്നല്ലോ ഞങ്ങള്‍ സംവദിച്ചിരുന്നത്!

പിന്നെ, നാടന്‍ രുചികള്‍ സ്‌നേഹത്തില്‍ ചാലിച്ചു വിളമ്പിയ കൂട്ടുകാരന്റെ പ്രിയതമ. സുഖമുള്ള ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും കിളികള്‍ ചേക്കേറാന്‍ തുടങ്ങിയിരുന്നു. അടുത്തുള്ള ഏതോ അമ്പലത്തില്‍ നിന്നും സന്ധ്യാവന്ദനത്തെ കര്‍ണകഠോരമാക്കിക്കൊണ്ട് മൈക്കിന്റെ ശബ്ദം. വീട്ടിലെത്താന്‍ മനസ്സ് വല്ലാതെ തുടിക്കുന്നതിനിനിടയില്‍ വിമാനക്കമ്പിനിക്കാരുടെ ഫോണ്‍ വന്നു, ലഗ്ഗേജ് ആടുത്ത ദിവസത്തെ വിമാനത്തിലെ വരൂ പോലും!

ആരെയെല്ലാമോ ശപിച്ച് കൊണ്ട് ടാക്സിയിലിരിക്കുമ്പോള്‍, അപ്രതീക്ഷിതമായി കാണുമ്പോള്‍ അമ്മക്കും, അഛനും ഭാര്യക്കും ഉണ്ടായേക്കാവുന്ന അമ്പരപ്പും മറ്റുമായിരുന്നു മനസ്സില്‍. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ റോഡില്‍ എതിരേ വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് വരുന്നത് കണ്ടപ്പോള്‍ പലപ്പോഴും ഭയം തോന്നി!

നാട്ടിലെത്തുമ്പോഴേക്കും  പാതിരാക്കിളികള്‍ പാടാന്‍ തുടങ്ങിയിരുന്നു. പഞ്ചായത്ത് റോഡിലേക്ക് തിരിയുന്ന ഭാഗത്തുണ്ടായിരുന്ന വഴിവിളക്ക് എന്നോ കത്താതായിരിക്കുന്നു. അങ്ങിങ്ങായി മിന്നാമിനുങ്ങുകള്‍ പോലെ വൈദ്യുത തൂണുകളില്‍ മങ്ങിക്കത്തുന്ന ബള്‍ബുകള്‍. വഴിയോരത്തെ പൊന്തക്കാടുകളില്‍ നിന്ന് തവളകള്‍ കൂട്ടത്തോടെ കരയാന്‍ തുടങ്ങി. കാറിന്റെ വെളിച്ചം കണ്ടതോടെ അമ്പലക്കാവിലെ മുത്തശ്ശിമാവില്‍ നിന്നും കടവാവലുകള്‍ കൂട്ടത്തോടെ ചിറകടിച്ചുയര്‍ന്നു.

വീട്ടിലേക്കുള്ള ഇടവഴിയുടെ തുടക്കത്തില്‍ കാറ് നിര്‍ത്തി. ദൂരെയെവിടെയോ മഴ പെയ്യുന്നുണ്ടാവണം, പുഞ്ചപ്പാടവും കടന്നെത്തുന്ന രാക്കാറ്റിന് ഈറന്‍ കുളിര്. റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ചിതറിവീഴുന്ന നിലാവ് ഇടവഴിയില്‍ പരന്നു  കിടന്നു. ബാഗ് തോളില്‍ തൂക്കി മുന്നോട്ട് നടക്കുമ്പോള്‍ ചുറ്റുവട്ടത്തെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ചീവീടുകളുടെ നിര്‍ത്താത്ത ചിലമ്പല്‍. പാടത്തിനക്കരെ നിന്നും ഒരു നായയുടെ ഓരിയിടല്‍. പൊടുന്നനെയാണ് തൊട്ടുമുന്നില്‍ ഒരു മിന്നല്‍പ്പിണര്‍ വീണുചിതറിയത് ... ഒപ്പം ഇടിമുഴക്കവും! ഒരു നിമിഷം തരിച്ചു നിന്നപ്പോള്‍ എവീടെ നിന്നോ ഒരു മഴത്തുള്ളി നെറുകയില്‍ വീണുടഞ്ഞു... ആ മഴത്തുള്ളിയുടെ നനുത്ത കുളിര്‍ മനസ്സിലേക്ക് അരിച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ വേഗം വീട്ടിലേക്ക് നടന്നു.

നിലാവില്‍ കുളിച്ചുറങ്ങുന്ന വീട്! കല്‍പ്പടികള്‍ കടന്നെത്തുമ്പോള്‍ മുറ്റം നിറയെ ചട്ടികളിലും അല്ലാതെയും ചെടികള്‍ - അച്ഛന്റെയും അമ്മയുടേയും വിശ്രമ ജീവിതത്തിലെ നേരമ്പോക്ക്. പടവുകളുടെ ഇരുവശങ്ങളിലുമുള്ള ചട്ടികളില്‍ കണ്‍‌മിഴിക്കാന്‍ തുടങ്ങുന്ന നിശാഗന്ധികളാണ് ആദ്യം കണ്ണില്‍ പെട്ടത്. അവയെ തഴുകി വരുന്ന ചെറുകാറ്റില്‍ നിശാഗന്ധിയുടെ വശ്യമായ മണം.

പൊടുന്നനെ ചെന്ന് കതകില്‍ മുട്ടാം എന്നോര്‍ത്ത് നില്‍ക്കുമ്പോഴാണ് അടുത്ത വീട്ടിലെ നായ നിര്‍ത്താതെ കുര തുടങ്ങിയത്! അതോടെ വീടിനുള്ളിലെ ലൈറ്റുകള്‍ തെളിഞ്ഞൂ. കള്ളന്മാരുടേയും മോഷണങ്ങളുടേയും കഥകള്‍ മാത്രം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതുകൊണ്ടാവണം അകത്ത് നിന്ന് ഉയര്‍ന്ന് കേട്ട അച്ഛന്റെ ശബ്ദത്തില്‍ വല്ലാത്ത ഉത്കണ്ഠ!

കതക് തുറന്ന അച്ഛന്റേയും, പിന്നില്‍ നിന്ന അമ്മയുടേയും കണ്ണുകളില്‍ അവിശ്വസനീയതയും ഒപ്പം അമ്പരപ്പും. ദുബായിലെ തൊഴില്‍ മേഖലയില്‍ ഡി. പി. വേള്‍ഡ് ഉണ്ടാക്കിയ പുതിയ പ്രശ്നങ്ങളും മറ്റും നാട്ടിലെ മാധ്യമങ്ങളുടെ നിത്യവാര്‍ത്ത ആയതു കൊണ്ടാവണം അവരുടെ കണ്ണുകളില്‍ വല്ലാത്തൊരു ചോദ്യചിഹ്നം!

‘മോനേ, എന്താ പെട്ടെന്ന് ... ഒരു മുന്നറിയിപ്പും ഇല്ലാതെ?’

കിടപ്പുമുറിയില്‍ നിന്നും ഇറങ്ങി വന്ന ഭാര്യയൂടെ കണ്ണുകളിലും അമ്പരപ്പ്, ഒപ്പം നേരത്തേ അറിയിക്കാഞ്ഞതിന്റെ പരിഭവവും.

‘മോനേ ജോലിക്ക് .... ?’ അച്ഛന് ആകാംക്ഷ അടക്കാന്‍ കഴിയുന്നില്ല.

ചിരിയടക്കാന്‍ കഴിഞ്ഞില്ല.

‘ഒന്നുമില്ലച്ഛാ, പെരുന്നാളിന് കുറച്ച് ദിവസം അവധി കിട്ടിയപ്പോള്‍ നിങ്ങളെയൊക്കെ കണ്ട് പോകാം എന്ന് കരുതി’.

അച്ഛന്റെ മുഖത്തെ ആശ്വാസം ഒരു പുഞ്ചിരിയായി തെളിഞ്ഞു, ഒപ്പം അമ്മയുടെ നിശ്വാസവും!

കിടപ്പുമുറിയില്‍ പ്രിയതമയുടെ പരിഭവം,

‘ഉം... അറിയിക്കണ്ട .. അത്താഴം ഒക്കെ കഴിഞ്ഞു, ഇന്ന് പട്ടിണി കിടന്നോ!’

കിണര്‍വെള്ളത്തിന്റെ കുളിര്‍മയില്‍ ക്ഷീണം ഒഴുകിപ്പോയതോടെ അറിയാതെ ചുണ്ടില്‍ ഒരു മൂളിപ്പാട്ട് വിരുന്നു വന്നു!

അടുക്കളയില്‍ അപ്പോഴേക്കും ചപ്പാത്തി കുഴക്കാന്‍ തുടങ്ങിയിരുന്നു ശ്രീമതി. അടുത്ത് ചെന്നപ്പോള്‍ നാണം തുടുപ്പിച്ച മുഖത്തോടെ അവള്‍ പറഞ്ഞു,

‘ഉം ... കൊഞ്ചണ്ട, മോന്‍ വളര്‍ന്നു ട്ടോ’

പിന്നെ, കിടപ്പുമുറിയുടെ സ്വകാര്യതയില്‍ നെഞ്ചിലേക്ക് മുഖം ചേര്‍ത്ത് അവള്‍ ചോദിച്ചു,

‘ജോലിക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ? ഉണ്ടെങ്കിലും വിഷമിക്കണ്ട, നമുക്ക് ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞാല്‍ മതി.’

കര്‍പ്പൂരത്തിന്റേയും, തുളസിയുടേയും മണമുള്ള അവളുടെ മുടിയില്‍ മെല്ലെ തഴുകുമ്പോള്‍ ഒന്നും പറയാനായില്ല.

ജനല്‍പ്പാളികള്‍ക്കിടയിലൂടെ കടന്ന് വന്ന്‌ തഴുകിയ കാറ്റില്‍ പുതുതായി വിരിഞ്ഞ മുല്ലപ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു.

10 Response to "കാര്‍ത്തിക വിളക്കുകള്‍ വീണ്ടും കണ്ണുതുറന്നപ്പോള്‍!"

  1. ഒരു യാത്രാവിവരണം പോലെ വിശദമാക്കിയ കഥ ഇഷ്ടപ്പെട്ടു കഴിഞ്ഞ കഥയില്‍ നിന്ന് വളരെ ലളിതമാക്കി പറഞ്ഞു. യാത്രക്കിടയിലെ സഹായങ്ങളും അതിന്റെ അനുരണനങ്ങളും ഒരു കാര്യത്തിന് വീടുകാരില്‍ ഒരോരുത്തരില്‍ നിന്ന് ലഭിക്കുന്ന വ്യത്യസ്ഥമായ അഭിപ്രായങ്ങളും എല്ലാമായി കൊള്ളാം മാഷെ.

    ഗൃഹാതുരത സമ്മാനിച്ച ലളിതവും മനോഹരവുമായ വിവരണം..... ബാക്കി കൂടി കേള്‍ക്കാനായി കാതോര്‍ത്ത്....

    Unknown says:

    നല്ല കഥ ...

    നല്ല ബ്ലോഗ്‌ ...............കൊള്ളാം

    noonus says:

    ഗൃഹാതുരത സമ്മാനിച്ച കഥ കൊള്ളാം മാഷെ

    Vayady says:

    നാട്ടിലേയ്ക്കുള്ള ഈ യാത്രാവിവരണം ഇഷ്ടമായി. ഞങ്ങള്‍ പ്രവാസികളെയൊന്ന് കൊതിപ്പിച്ചുവോ? ഈ പോസ്റ്റ് വായിച്ചപ്പോള്‍ നാട്ടിലേയ്ക്ക് പോകാന്‍ കൊതി തോന്നുന്നു.. :)

    നല്ല ശൈലി,വായിക്കാന്‍ ഇഷ്ടം തോന്നും!

    ഏഴു ദിവസം ഒന്നിച്ച് അവധികിട്ടിയാല്‍
    എത്ര കഠിനമായ യാത്രയായാലും ഒന്നു വീട്ടില്‍ എത്തുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തന്നെ. സഹയാത്രികയായ ആ 'വല്യമ്മ' വളരെ തന്മയത്വത്തോടേ തിളങ്ങുന്നു, "പിന്നെ ഒരു യാത്ര പറയാനുള്ള മര്യാദ പോലും കാണിക്കാതെ വല്യമ്മ അവരോടൊപ്പം പോയി!"............... :)

    റാംജി, കുഞ്ഞൂസ്സ്, ദില്‍, നൂനൂസ്സ്, വായാടി, ഇക്ക, മാണിക്യം: നല്ല വാക്കുകള്‍ക്ക് നന്ദി.

    .. says:

    ..
    മുമ്പ് വന്നിട്ടുണ്ട്, അമ്മൂന്റെ കഥ വായിക്കാന്‍.
    അതില്‍ കമന്റാത്തതില്‍ വിഷമിക്കേണ്ട :)

    "കാര്‍ത്തിക വിളക്കുകള്‍ വീണ്ടും കണ്ണുതുറന്നപ്പോള്‍!"

    വായിക്കാം :)

    നല്ല സൂക്ഷ്മതയുണ്ട് എഴുത്തിന് :)
    ..

    Unknown says:

    പഴക്കമുള്ള ഈ പോസ്റ്റ്...
    വല്ലാത്തൊരു ഗൃഹാതുര സ്മരണ സമ്മാനിക്കുന്നു. 
    വർണ്ണിക്കാൻ വാക്കുകളില്ല. വായന തുടരട്ടെ

Post a Comment

Related Posts Plugin for WordPress, Blogger...