കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (അവസാന ഭാഗം)



റെസ്റ്റോറന്റില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് കുറച്ചപ്പുറത്ത് ഒരുകൂട്ടം ആള്‍ക്കാരുടെ ഇടയില്‍ നിന്ന് ഗൌരവമായി എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്ന ആളേ ശ്രദ്ധിച്ചത്. പശ മുക്കി അലക്കിത്തേച്ച് വടിപോലെയാക്കിയ ഖദര്‍ മുണ്ടും, ഷര്‍ട്ടും, പോക്കറ്റില്‍ ഒരു ചെറിയ ഡയറിയും പേനയും. കക്ഷത്തില്‍ ഒരു പൊതിച്ച തേങ്ങാ ഇരിക്കുന്നത് പോലെ കൈ ഒക്കെ അകത്തിപ്പിടിച്ചുള്ള നടപ്പ്! ഒരു 'സീസണ്‍‌ഡ് രാഷ്ട്രീയക്കാരന്റെ’ എല്ലാ രൂപഭാവങ്ങളോടും കൂടിയ ഒരാള്‍! പെട്ടെന്നാണ് ആളേ പിടി കിട്ടിയത്, പഴയ ‘കോവാലന്‍’ എന്നറിയപ്പെട്ടിരുന്ന ഗോപാലകൃഷ്ണന്‍! കോളേജിലും പുറത്തുമായുണ്ടായിരുന്ന ‘ഗ്രൂപ്പില്‍’ സ്ഥിരമായി ഉണ്ടായിരുന്ന, കോളേജ് വിദ്യാര്‍ത്ഥി അല്ലായിരുന്നെങ്കിലും എപ്പോഴും കോളേജിലും പരിസരത്തുമുണ്ടാകുമായിരുന്ന ഗോപാലകൃഷ്ണന്‍!


അടുത്തേക്ക് ചെന്ന് ‘ഹല്ലോ’ പറഞ്ഞപ്പോള്‍ ഒരല്പം നാടകീയമായി കയ്യുയര്‍ത്തി ചെറുവിരല്‍ കാട്ടി ‘ഇതാ വരുന്നു’ എന്ന് ആംഗ്യം കാട്ടി. പിന്നെ ചുറ്റും നിന്നവരോട് തോളില്‍ തട്ടി യാത്ര പറഞ്ഞ്, വല്ലാത്ത തിരക്കുള്ളത് പോലെ അവന്‍ എന്റെ അടുത്തേക്ക് വന്നു.


‘എടാ കോവാലാ, നീ ഇത് ആളങ്ങ് മാറിയല്ലോ?’

അവന്‍ പെട്ടെന്ന് ഒന്ന് ചുറ്റിനും നോക്കി മുന്നോട്ട് വന്ന് എന്റെ വാ പൊത്തി!

‘പൊന്നളിയാ ചതിക്കല്ലേ. ഭരണക്ഷിയുടെ ജില്ലാ സെക്രട്ടറിയാ ഞാന്‍ ഇപ്പോള്‍... എന്റെ ഇമേജ്...’

‘ഓഹ്..!’ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അവനേ അടിമുടി നോക്കിന്നിന്നപ്പോള്‍ വായില്‍ നിന്നും അറിയാതെ അങ്ങനെ ഒരു ശബ്ദം മാത്രമാണ് പുറത്ത് വന്നത്. മെലിഞ്ഞുണങ്ങിയിരുന്ന പഴയ കോവാലന്‍ എവിടെ, തുടുത്ത് ചുവന്ന കവിളുകളുമൊക്കെയായി നില്‍ക്കുന്ന ഈ ഗോപാലകൃഷ്ണനെവിടെ!


‘അല്ല, എന്നാലും കോവാലാ ഇതെങ്ങനെ സംഭവിച്ചു?’


‘അനില്‍ജി, നമുക്കൊരു ചായ കുടിച്ചു കൊണ്ടിരുന്നു വിശദമായി സംസാരിച്ചാലോ?’


മുന്നോട്ട് നടക്കാന്‍ തുടങ്ങിയ ഗോപാലകൃഷ്ണനെ തടഞ്ഞ് നിര്‍ത്തി, കാറിനുള്ളില്‍ അപ്പോഴേക്കും ക്ഷമകെട്ട് തുടങ്ങിയിരുന്ന കുടുംബത്തെ കാണിച്ച് കൊടുത്തു. അവരേനോക്കി ഒന്ന് കൈവീശി ചിരിച്ചിട്ട് അവന്‍ വീണ്ടും കുശലാന്വേഷണങ്ങള്‍ തുടങ്ങി. പഴയ കോളേജ് വികൃതികളുടെ കെട്ടഴിക്കാന്‍ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് ഞങ്ങളുടെ പഴയ തല്ലിപ്പൊളിക്കൂട്ടത്തിന്റെ (അടിപൊളിയും, ചെത്തും ഒന്നും അന്ന് പ്രചാരത്തിലായിരുന്നില്ല!) നേതാവായിരുന്ന ജീവേട്ടനെ ഓര്‍ത്തത്!!


‘ഗോപാലാ, നമ്മുടെ ജീവേട്ടന്റെ എന്തെങ്കിലും വിവരം ...?‘


അവന്റെ മുഖത്തെ ചിരി മാഞ്ഞു, പിന്നെ വല്ലാത്ത അസുഖകരമായ ഒരു മൌനം ഒരു നിമിഷം ഞങ്ങള്‍ക്കിടയിലേക്ക് ക്ഷണിക്കാതെ കടന്ന് വന്നു. രണ്ടാളുടെ മനസ്സിലും ഇന്നലകളുടെ ഓര്‍മകള്‍ നൊമ്പരമുണര്‍ത്താന്‍ തുടങ്ങി.


‘ഇല്ല, ആള്‍ ഉണ്ടെന്നും ഇല്ലെന്നും ഒക്കെ കേള്‍ക്കുന്നു. ഇടക്ക് കുറേക്കാലം ആരൊക്കെയൊ എവിടൊക്കെയൊ വച്ച് കണ്ടു എന്നും കേട്ടു. ഇപ്പോള്‍ എല്ലാവരും അതൊക്കെ മറന്നിരിക്കുന്നു.’


‘ഉം .. ശ്രുതി.. അവളുടെ വല്ല വിവരവും?


‘അതും... എന്ത് പറയാന്‍! ഇടയ്ക്ക് ബസ്‌സ്റ്റോപ്പില്‍ വച്ച് വല്ലപ്പോഴും കാണാറുണ്ട്. ഇവിടെ സഹകരണ ബാങ്കിലാണ് ശ്രുതിക്ക് ജോലി. പഴയ കുടുംബ വീടിനോട് ചേര്‍ന്ന് മറ്റൊരു വീട് വച്ചാണ് താമസം എന്ന് കേട്ടു. കൂടുതലൊന്നും അറിയില്ല’.


കാറിലിരുന്നവരുടെ അക്ഷമ ഹോണടിയായി കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഗോപാലനോട് യാത്ര പറഞ്ഞു.


കാറിലിരിക്കുമ്പോഴും മനസ്സ് ആകെ കലങ്ങീമറിയുകയായിരുന്നു.


‘എന്ത് പറ്റി, കൂട്ടുകാരനെ കണ്ടതോടെ മൂഡ് ഒക്കെ മാറിയല്ലോ!’ ശ്രീമതി. ‘ആരായിരുന്നു അത്?’


‘ഓഹ്, അത് പഴയ ജീവേട്ടന്റെയൊക്കെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍‘


സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ലാത്ത വിഷയമാണെന്ന് അറിയാവുന്നത് കൊണ്ട് അവള്‍ കൂടുതലൊന്നും ചോദിച്ചില്ല.


തല പെരുക്കുന്നു എന്ന് തോന്നിയപ്പോള്‍ മെല്ലെ സീറ്റിലേക്ക് ചാരി കണ്ണടച്ചു. മനസ്സിന്റെ ഏതൊക്കെയോ കോണില്‍ മാറാല പിടിച്ച് കിടന്നിരുന്ന ഓര്‍മകള്‍ ഒരു ഘോഷയാത്ര പോലെ മനസ്സിലേക്ക് കടന്ന് വന്നു.


ജീവിതത്തെ ഒരുപാട് സ്വാധീനിച്ച, ഒരിക്കലും മറക്കാനാവാത്ത ഒത്തിരി ഒത്തിരി സംഭവങ്ങളിലെ നായികാ നായകന്മാര്‍ - ജീവേട്ടനും ശ്രുതിയും. എത്ര വര്‍ഷങ്ങളായിരിയ്ക്കുന്നു അവരെ കണ്ടിട്ട്. 25 വര്‍ഷങ്ങള്‍ക്കപ്പുറം മീനമാസത്തിലെ ഒരു പൊള്ളുന്ന അപരാഹ്നത്തിലായിരുന്നു അവസാനമാ‍യി ശ്രുതിയെ കണ്ടത്. അവളുടെ വീട്ടു പറമ്പിന്റെ താഴെ, കൊയ്ത്ത് കഴിഞ്ഞ പാടത്തിന്റെ കരയിലെ തകര്‍ന്ന അമ്പലത്തിന്റെ പൊളിഞ്ഞ് വീണ കല്പടവിലിരുന്ന് എന്റെ തോളില്‍ തല ചായ്ച് അവള്‍ വിങ്ങിപ്പൊട്ടിയത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.


അടുത്ത തവണ ശ്രുതിയെ എന്തായാലും കാണണം. ഇപ്പോഴും അവളുടെ ഉള്ളില്‍ ജീവേട്ടനുണ്ടാവുമോ ആവോ? അല്ലെങ്കില്‍ അവള്‍ക്കെങ്ങനെയാണ് ജീവേട്ടനെ മറക്കാന്‍ കഴിയുക?


‘ഇറങ്ങുന്നില്ലേ?’ ഭാര്യ കുലുക്കി വിളിച്ചപ്പോഴാണ് വീടെത്തിയ കാര്യം അറിയുന്നത്.


പുഞ്ചപ്പാടത്തിനപ്പുറമുള്ള അമ്പലത്തില്‍ നിന്നും മൈക്കിലൂടെയെത്തുന്ന കീര്‍ത്തനങ്ങള്‍.


വീട്ടുപടിക്കല്‍ പടികള്‍ക്കിരുവശവുമായി കുഴിച്ചിട്ട വാഴപ്പിണ്ടിയില്‍ ഈര്‍ക്കില്‍ വളയങ്ങള്‍ തീര്‍ത്ത്, അതില്‍ വച്ചിരിക്കുന്ന മണ്‍ചിരാതുകളില്‍ തെളിഞ്ഞ് കത്തുന്ന കാര്‍ത്തിക വിളക്കുകള്‍.


ഒരു കൊച്ച് അവധിക്കാലത്തെ അവസാന രാവ്! ദൂരെ എവിടെയോ രാക്കിളികള്‍ പാടുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കാതുകളില്‍ ഭാര്യയുടെ ശബ്ദം,

‘ഉറക്കം വരുന്നില്ല, അല്ലേ?’

‘ഉം’

‘നമുക്ക് കുറച്ച് നേരം പുറത്തിരുന്നാലോ?’

മുറ്റത്തെ പടിക്കെട്ടില്‍ തൂവി വീണ നിലാവ്. ചെടിയുടെ ഇലകളില്‍ നിലാവ് താളം പിടിച്ചു. അപ്പോള്‍ വിടര്‍ന്ന നിശാഗന്ധിയുടെ ഗന്ധം ചുറ്റിലും. നിര്‍ത്താതെ ചിലക്കുന്ന ചീവീടുകള്‍. ഇണയെപ്പിരിഞ്ഞ ഒറ്റക്കിളിയുടെ നൊമ്പരഗീതം!


ദൂരെ കണ്ണ് ചിമ്മുന്ന ഒറ്റനക്ഷത്രത്തില്‍ കണ്ണ് നട്ടിരിക്കുന്ന ഭാര്യ!


‘എന്തേ ഒന്നും മിണ്ടാത്തത്?’


നിറയാന്‍ തുടങ്ങുന്ന മിഴികളുയര്‍ത്തി അവളെന്റെ കണ്ണിലേക്ക് നോക്കി. ഒരു കുളിര്‍കാറ്റ് അവളുടെ മുടിയിഴകളെ തഴുകിക്കടന്ന് പോയി.


ഒന്നും മിണ്ടാതെ തോളിലേക്ക് തല ചായ്ച്ച അവളെ ഒരു കൈ കൊണ്ട് എന്നിലേക്ക് ചേര്‍ത്ത് പിടിക്കുമ്പോള്‍ വാക്കുകള്‍ മൌനത്തിന്റെ വാചാലതയിലൊളിച്ചു!


വെയില്‍ ചാഞ്ഞ് തുടങ്ങിയ മറ്റൊരു പകല്‍, ഒരു അവധിക്കാലത്തിന്റെ കൂടി അന്ത്യം. ബാക്ക്പാക്കും തൂക്കി മുറ്റത്തേക്കിറങ്ങുമ്പോള്‍ സിറ്റൌട്ടില്‍ അഛനും അമ്മയും. സെറ്റ് മുണ്ടിന്റെ കോന്തല കടിച്ച് പിടിച്ച് വിതുമ്പലൊതുക്കാന്‍ പാട് പെടുന്ന അമ്മ. കണ്ണിലേക്ക് നോക്കി തലയാട്ടി യാത്ര ചോദിക്കുമ്പോള്‍ നിറയുന്ന കണ്ണുകള്‍ മറക്കാനായി ദൂരെക്ക് നോക്കി നില്‍ക്കുന്ന അഛന്‍. കാറിനടുത്തെത്തി യാത്രയാക്കുന്ന അനിയന്മാരും, അനിയത്തിമാരും അവരുടെ മക്കളും.


പടിയിറങ്ങുമ്പോള്‍ ഇലയും പൂക്കളും ഇല്ലാത്ത വയസ്സന്‍ കൊന്നമരത്തില്‍ കണ്ണുകളുടക്കി. ഗതകാലസ്മരണകളിലേക്ക് ഉണങ്ങിയ കൈകളുയര്‍ത്തി നില്‍ക്കുന്ന കൊന്നമരം യാത്രാമംഗളങ്ങള്‍ നേരുന്നത് പോലെ.


മോനേയും, ഭാര്യയേയും ചേര്‍ത്ത് പിടിച്ച് കാറിലിരിക്കുമ്പോള്‍ മനസ്സ് എന്തോ ശൂന്യമായിരുന്നു. മറുകര കാണാത്ത യാത്രയുടെ, യാത്രപറച്ചിലുകളുടെ അനിവാര്യത. പിന്നെയും ഒരു മടക്കയാത്ര; എന്റെ സ്വപ്നങ്ങളില്‍ നിന്ന്, മനസ്സിന്റെ പച്ചപ്പുകളില്‍ നിന്ന്!


സന്ധ്യ മയങ്ങാന്‍ തുടങ്ങിയതോടെ പല വീടുകളുടെ മുന്നിലും കാര്‍ത്തിക ദീപങ്ങള്‍ കണ്മിഴിക്കാന്‍ തുടങ്ങി. കടന്നുപോന്ന വഴിയിലെ അമ്പലങ്ങള്‍ക്ക് മുന്നില്‍ കണ്ട കാര്‍ത്തികവിളക്കുകളുടെ നിരകളാണ് അന്ന് തൃക്കാര്‍ത്തിക ആണല്ലൊ എന്നോര്‍മിപ്പിച്ചത്.


വിമാനത്താവളത്തിലേ ഡിപാര്‍ച്ചര്‍ ലോഞ്ചിന് മുന്നില്‍ പ്രിയപ്പെട്ടവരെ യാത്രയാക്കാന്‍ വന്നവരുടെ തിരക്ക്. മോനോടും ഭാര്യയോടും യാത്ര പറയുമ്പോള്‍ അവരുടെ നിറയുന്ന കണ്ണുകള്‍ കണ്ടില്ലെന്ന് നടിച്ചു. സക്യൂരിറ്റി ഗേറ്റിനടുത്തെത്തി തിരിഞ്ഞ് നോക്കുമ്പോള്‍ കണ്ണീരിന്റെ മറയിലൂടെ രൂപമില്ലാത്ത ഒരുപാട് നിഴലുകള്‍! കൈവീശി അകത്തേക്ക് നടന്നു.


ബോര്‍ഡിങ്ങ് പാസ്സുമായി ഡിപാര്‍ച്ചര്‍ ലോഞ്ചിലെത്തി. ഗ്ലാസ്സ് ഭിത്തിയിലൂടെ ദൂരെ റണ്‍‌വേയുടെ കാഴ്ച. ചിറക് വിരിച്ച് കിടക്കുന്ന ഒരു കഴുകനെപ്പോലെ റണ്‍‌വേയുടെ അരികത്തായി വിമാനം. നിരനിരയായി കൊളുത്തി വച്ച കാര്‍ത്തികവിളക്കുകള്‍ പൊലെ റണ്‍‌വേയിലെ വിളക്കുകള്‍. പിന്നെയും ഒരു യാത്ര ....!

39 Response to "കാര്‍ത്തികവിളക്കുകള്‍ വീണ്ടും കണ്‍‌തുറന്നപ്പോള്‍ ... (അവസാന ഭാഗം)"

  1. ഹംസ says:

    അവസാന ഭാഗത്തിനുള്ള തേങ്ങഇതാ
    (((((((ട്ടോ))))))))))

    കാര്‍ത്തിക വിളക്കുകള്‍ അവസാനിച്ചപ്പോഴെക്കും എത്ര എത്ര കഥാപാത്രങ്ങളെയാണ് പരിചയപ്പെട്ടത്..

    “അനില്‍ജി“യുടെ എഴുത്തിനു നല്ല ഒഴുക്കുള്ളതുകൊണ്ട് വായിച്ചു തീരുന്നത് അറിയുന്നില്ല. ഇനി ഇതിന്‍റെ അടുത്ത ഭാഗം കാത്തിരിക്കാന്‍ ഇല്ലാത്തതുകൊണ്ട് പുതിയ വിഷയങ്ങളുമയി വരുന്ന അനില്‍ജിയെ കാത്തിരിക്കുന്നു.
    പ്രാര്‍ഥനകള്‍
    ആശംസകള്‍ :)

    ഹംസാജീ: അടി ഏറ്റു!

    പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി.

    noonus says:

    ആശംസകള്‍

    നന്ദി നൂനൂസ്.

    ഒരു ചെറിയ അവധിയും അതിന്റെ ഓര്‍മ്മകളും!
    ഒരു വലിയ സുഹൃത്ത് വലയത്തെ കണ്ടൂ ...
    പെട്ടന്നു ഒന്നു വീടെത്തുകയും പിന്നെ അതു പോലെ തിരികെ പോകുകയും ചെയ്യുമ്പോള്‍ മനസ്സിലെ വേലിയേറ്റങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ വിജയിച്ചു....
    കാര്‍ത്തികവിളക്കുകള്‍ പോലെ കത്തിയെരിയുന്ന പ്രവാസികളുടെ ജീവിതങ്ങള്‍ ...... അതേ
    "കണ്ണീരിന്റെ മറയിലൂടെ രൂപമില്ലാത്ത ഒരുപാട് നിഴലുകള്‍!"

    നന്നായിരുന്നു,വേഗം തീര്‍ന്നതുപോലെ!താമസിയാതെ വരുമല്ലൊ?

    dreams says:

    ഹംസക്ക പറഞ്ഞതുപോലെ എഴുത്തിന് ഒരു പ്രത്യേകതരത്തിലുള്ള ശൈലിയാണ് തുടങ്ങുമ്പോള്‍ ആണെങ്കില്ലും അവസാനം ആണെങ്കില്ലും അത് നന്നായി അവതരിപിചിടുണ്ട് ഒരു പാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച അനിലേട്ടന് എന്‍റെ എല്ലാ ആശംസകളും........

    മാണിക്യം ചേച്ചീ, കൃഷ്ണകുമാര്‍,ഫാസില്‍:

    അപ്രതീക്ഷിതമായി വീണ് കിട്ടിയ അഞ്ച് ദിവ്സം മാത്രം നീണ്ട ഒരു അവധിക്കാലം, അതിന്റെ ഓര്‍മ്മകള്‍. വ്യക്തിപരമായ ചില അസൌകര്യങ്ങള്‍ കാരണം പലതും പറയാന്‍ ബാക്കിയായി!

    ഈ നല്ല വാക്കുകള്‍ക്കൊക്കെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി.

    ആ യാത്രയുടെ വേദന അത് അനുഭവിച്ചവര്‍ക്കേ അറിയൂ..അല്ലെ അനില്‍?

    കൊള്ളാം നന്നായിരിക്കുന്നു
    ആശംസകള്‍ .....

    ‘ഉം .. ശ്രുതി.. അവളുടെ വല്ല വിവരവും?അനില്‍കുമാര്‍ .സി .പി
    അവസാനഭാഗം വായിച്ചു
    നന്നായിരിക്കുന്നു .
    അടുത്ത ലിവില്‍ വരുമ്പോള്‍ ശ്രുതി
    മീട്ടാന്‍ മറക്കണ്ട ....
    ആശംസകള്‍ ! അറിയാതെ പഴയകാല
    ഓര്‍മകളിലേക്ക് കൊണ്ടുപോയി

    മേയ്ഫ്ലവേര്‍സ്, ഉമേഷ്, കുസുമം :
    ഈ യാത്രയില്‍ എന്നോടൊപ്പം ചിലവിട്ട നിമിഷങ്ങള്‍ക്ക് നന്ദി.

    nannayirikkunnu... kootuthalvaayikkan kaathirikkunnu

    കാര്‍ത്തിക വിളക്കുകള്‍ കാണാനെത്തിയ കാര്‍ത്തികക്ക് നന്ദി. ഇനിയും വരിക.

    Vayady says:

    അവസാനഭാഗം പെട്ടെന്ന് തീര്‍‌ത്തതുപോലെ തോന്നുന്നു. ശ്രൂതിയുടെയും, ജീവേട്ടന്റേയും കഥ ഞങ്ങളോട് പറഞ്ഞില്ല എന്ന പരാതിയുണ്ട്. അതുകൊണ്ട് ഞാന്‍ അത്ര ഹാപ്പിയല്ലട്ടോ.

    കാര്‍ത്തിക വിളക്ക് മുഴുവനും നന്നായിരുന്നു. അഭിനന്ദനങ്ങള്‍.

    "‘എടാ കോവാലാ, നീ ഇത് ആളങ്ങ് മാറിയല്ലോ?’

    അവന്‍ പെട്ടെന്ന് ഒന്ന് ചുറ്റിനും നോക്കി മുന്നോട്ട് വന്ന് എന്റെ വാ പൊത്തി!

    ‘പൊന്നളിയാ ചതിക്കല്ലേ. ഭരണക്ഷിയുടെ ജില്ലാ സെക്രട്ടറിയാ ഞാന്‍ ഇപ്പോള്‍... എന്റെ ഇമേജ്...’"
    ഖദറിലും മറ്റും മൂടിവെച്ചിരിക്കുന്ന ഇമേജ്.

    വായാടി: അത്രത്തോളം ആയപ്പോഴേക്കും ചില വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം നിര്‍ത്തേണ്ടി വന്നു.ഇനി എപ്പോഴെങ്കിലും ബാക്കിയും എഴുതാന്‍ കഴിയുമായിരിക്കും.

    ശ്രീ. നന്ദി.

    കലാവല്ലഭന്‍: വായിക്കനും, അഭിപ്രായം അറിയിക്കാനും സമയം കണ്ടെത്തിയതിനു നന്ദി. ഇനിയും വരിക.

    പ്രവാസിയുടെ വേദന, വിരഹം എല്ലാം മനോഹരമായ്‌ വരച്ചിട്ടിരിക്കുന്നു അനിൽ ഈ രചനയിലൂടെ..

    എല്ലാവിധ ആശംസകളും

    aasamsakal!!!

    മന്‍സൂര്‍, മഴമേഘങ്ങള്‍:

    എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും, അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി.

    ethra hridayangaliloode oro yaathrayum alle..?

    The man to Walk: അതേ, ഹൃദയങ്ങളെ തൊട്ടറിഞ്ഞൊരു യാത്ര.

    Manoraj says:

    നന്നായിട്ടുണ്ട്

    അനില്‍കുമാര്‍, ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നതും വായിക്കുന്നതും. കാര്‍ത്തിക വിളക്കിന്റെ അവസാന അദ്ധ്യായം മാത്രമേ വായിച്ചുള്ളൂ. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ .

    മനോരാജ്: നന്ദി

    അപ്പു: ഏറെ സന്തോഷം ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും. വീണ്ടും വരുമല്ലോ?

    എല്ലാ ഭാഗങ്ങളും വായിച്ച്ച്ചു.
    ഒരു ചെറിയ അവിധിക്കിടയില്‍ കണ്ടെത്തുന്ന കണ്ടുമുട്ടുന്ന സന്തോഷങ്ങളും പഴയ ബന്ധങ്ങളും സുഹൃത്തുക്കളും നാടും നാടിന്റെ സ്ഥിതിയും എല്ലാം വിവരിച്ചുകൊണ്ട് നല്ലെഴുത്ത്‌ നല്‍കി.
    ഒരവധി കഴിഞ്ഞ് തിരിച്ച് പോരുന്ന വേദന മനസ്സില്‍ സൂക്ഷിച്ച് യാത്ര പറയുന്നു....
    ആശംസകള്‍.

    റാംജി: നല്ല വാക്കുകള്‍ക്ക് നന്ദി.

    അപ്പോ നാട്ടില്‍ വന്നു പഴയ ഓര്‍മ്മകള്‍ അയവിറക്കി തിരിച്ചു പോയി അല്ലെ?.ഇനിയും അവിടെയിരുന്നും അയവിറക്കാമല്ലൊ ഓര്‍മ്മകള്‍. അപ്പോ കഥ ഇനിയും തുടരാം.ആശംസകള്‍!

    അതേ ഇക്കാ, ഈ ഓര്‍മകള്‍ മാത്രമല്ലേ ഞങ്ങള്‍ പ്രവാസികള്‍ക്ക് ബാക്കി.

    അപ്പോള്‍ പോവ്വാണോ? ഇനിയെന്നാ ഇതുപോലെ കുറേപേരുമായി വരുന്നേ?

    കണ്ണൂരാന്‍: വരും, വരാതിരിക്കാനാവില്ലല്ലോ:)

    കാര്‍ത്തിക വിളക്ക് മുഴുവനും നന്നായിരുന്നു.

    നന്ദി ക്രോണിക്, ഇനിയും വരൂ.

    "ഇരു ഭാഗത്തും കത്തിച്ചു വെച്ച കാര്‍ത്തിക വിളക്കിന്‍റെ നടുവിലേക്ക് പറന്നിറങ്ങുമ്പോള്‍ ആ സന്തോഷം ഒരു വല്ലാത്ത അനുഭവം ആണ് "
    എട്ടു ഞായറാഴ്ചയിലെ പരോള്‍ കഴിഞ്ഞു ഇതേ കാര്‍ത്തിക വിളക്കിന്‍റെ നടുവില്‍ നിന്നും പറന്നു പൊങ്ങുമ്പോള്‍ മനസിന്‍റെ തേങ്ങല്‍....
    അതറിയാന്‍ സെന്‍സ്‌ ഉണ്ടാകണം,സെന്‍സിബിലിറ്റി ഉണ്ടാകണം ,സെന്‍സിറ്റിവിറ്റി ഉണ്ടാകണം........
    വിരഹത എവിടെയൊക്കെയോ അനുഭവപ്പെടുന്നു....
    ആശംസകള്‍

    This comment has been removed by the author.

    ഇതുവഴി വന്നതിന് നന്ദി സത്യവാന്‍.

    ‘കണ്ടു മടുത്തൊരു കാഴ്ചകള്‍ കാണാന്‍ കണ്ണടകള്‍ വേണം’ അല്ലേ?

    കാർത്തികവിളക്ക് തുറന്ന് ഒപ്പിടുന്നു. ഇനിയും വരാനായി പാത തുറന്നിട്ടുണ്ട്.

    മിനി: സന്തോഷം.

    Unknown says:

    മുഴുവൻ ഭാഗങ്ങളും ഒറ്റയിരുപ്പിൽ വായിച്ചു. വീണുകിട്ടിയ ഒഴിവുസമയം ധന്യമായി. അതിമനോഹരമായിരിക്കുനു ഓർമ്മകളെ വർണ്ണിച്ച ഈ കാവ്യം! എന്തൊക്കെയോ ഒളിച്ചുവെച്ച് തെളിച്ച് പറയാതെ മങ്ങിത്തുടങ്ങിയ ചിത്രങ്ങളെ വാത്സല്യത്തോടെ തലോടിക്കൊണ്ണ്ടുള്ള ഈ വിവരണത്തിന് നൂറുമാർക്ക്

Post a Comment

Related Posts Plugin for WordPress, Blogger...