സ്പന്ദനം

'തര്‍ജ്ജനി' മാസികയുടെ ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌.) )


“അള്ളാഹു അക്ബർ... അള്ളാഹു അക്ബർ....”

ആശുപത്രി മതിൽക്കെട്ടിനു പുറത്ത് എവിടെ നിന്നൊ ഒഴുകിവരുന്ന സുബഹി നമസ്കാരത്തിനുള്ള ബാങ്ക് വിളി…

ഇടനാഴിയിലെ ഗ്ലാസ്ഭിത്തിയിലേക്ക് കണ്ണുകൾ നീണ്ടു… ഇല്ല, വെളിച്ചം എത്തിയിട്ടില്ല… നേരം പുലരാൻ  ഇനിയും നേരമുണ്ടല്ലോ…

‘ഗുഡ് മോണിങ്ങ്..’

സിസ്റ്റർ ആൻസിയുടെ ചിരിക്കുന്ന മുഖം വാതിൽക്കൽ.

കണ്ണുകൾ വാതിലിനപ്പുറത്തേക്ക് നീണ്ടു…

‘നോക്കണ്ട, ഇന്ന് ഡോക്ടർ ആഫ്റ്റർനൂൺ ആണ്’

ഡോക്ടർ മുരളീമോഹന്റെ കാര്യമാണു അവൾ പറയുന്നത്.

എപ്പൊഴും ചിരിക്കുന്ന മുഖമുള്ള, സ്നേഹം പൊതിഞ്ഞ വാക്കുകളിൽ പതിയെ സംസാരിക്കുന്ന മുരളി.

നീണ്ടും കുറുകിയും കാർഡിയോ മോണിറ്ററിൽ പിടയുന്ന തന്റെ ജീവൻ… മോണിറ്ററിലെ തിളങ്ങുന്ന അക്കങ്ങളിൽ ഹൃദയസ്പ്ന്ദനത്തിന്റെ കണക്കുകൾ. ജീവൻരക്ഷായന്ത്രത്തിൽ നിന്നും ഇടക്കിടെ ഉയരുന്ന ബീപ് ബീപ് ശബ്ദം.

വാതിൽക്കൽ പതിഞ്ഞ കാലടി ശബ്ദം… ഡ്യൂട്ടി ഡോക്ടറാണ്. സൈഡ് ടേബിളിൽ ഉണ്ടായിരുന്ന ചാർട്ടിൽ എന്തൊക്കെയോ കുറിച്ചിട്ട് അദ്ദേഹം പോയി.

ഡോക്ടർ മുരളി ഇനി വൈകുന്നേരമേ വരികയുള്ളായിരിക്കും. താൻ എന്തിനാണ് ഇത്രയധികം അസ്വസ്ഥനാകുന്നത്… ഒരു ഡോക്ടർ എന്നതിനപ്പുറം ആരാണ് തനിക്ക് മുരളി്?

മറവിയുടെ മാറാല മൂടിയ ഓർമ്മകളിൽ വെറുതെ പരതി…

എത്രകാലമായിരിക്കണം താനീ ‘ജീറിയാട്രിക്’ വാർഡിൽ ജീവിച്ചിരിക്കുന്ന ശവങ്ങൾക്കിടയിൽ മറ്റൊരാളായിട്ട്, മാസങ്ങൾ…അതോ വർഷങ്ങളോ..?

കണ്ണുകൾ ഇറുകെപൂട്ടി… ഇരുൾ മൂടിയ ഓർമ്മകളിൽ എവിടെയൊക്കെയോ വെളിച്ചത്തിന്റെ നുറുങ്ങുകൾ …          
                    
ഈ ആശുപത്രി മുറിയിലേ മങ്ങിയ വെളിച്ചത്തിലേക്ക് കണ്ണു തുറന്ന ദിവസം…

‘മോനേ… ‘

കൈത്തണ്ടയിൽ അമരുന്ന വിരലുകളിൽ തലോടാനായി കൈ ഉയർത്താൻ ശ്രമിച്ചു … ഇല്ല, കഴിയുന്നില്ല… തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു…. കാലുകൾ മരവിച്ചിരിക്കുന്നു… തൊണ്ടയിൽ ഒരു നിലവിളി കുരുങ്ങിക്കിടന്നു…

‘കുട്ടാ…’

കൈത്തണ്ടയിലെ വിരലുകൾ മെല്ലെ അമരുന്നു…

കണ്ണുകൾക്ക് മുന്നിൽ രൂപങ്ങൾക്ക് നിറമുണ്ടായി…

കയ്യിൽ പിടിച്ചിരിക്കുന്നത് കുട്ടനല്ല! വെളുത്ത കോട്ടണിഞ്ഞ് കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമായി ഡോക്ടർ… തിളങ്ങുന്ന കണ്ണുകളിലെ സാന്ത്വനഭാവം… തൊട്ടടുത്ത് ഇളംനീല യൂണിഫോമിൽ നഴ്സുമാർ. ബഡ്ഡിനടുത്ത് ഏതൊക്കെയോ മെഷീനുകൾ… ചോരയും, നീരും, ജീവശ്വാസവും ഒക്കെയായി തന്നിലേക്ക് നീളുന്ന അസംഖ്യം കുഴലുകൾ.

‘ഞാൻ ഡോക്ടർ മുരളീമോഹൻ … അങ്കിൾ ഇപ്പോൾ റിലാക്സ് ചെയ്യൂ…’

പിന്നീട് സിസ്റ്റർമാർ പറഞ്ഞാണ് അറിഞ്ഞത്… തന്നെ ഇവിടെ ആരോ എത്തിച്ചിട്ട് ഏറെ ദിവസങ്ങളായിരിക്കുന്നു. തലച്ചോറിലുണ്ടായ ഒരു സ്ട്രോക്ക് തന്റെ ഒരു വശം തളർത്തി.
ആഴ്ചകൾക്ക് ശേഷം എന്റെ ജീവിതത്തിനൊരു തീര്‍പ്പായി… ഇനി വിശാലമായ ആകാശത്തിൽ നിന്നും കീറിയെടുത്ത ഒരു തുണ്ട് മേഘത്തില്‍ ലോകം ഒതുക്കി അവസാനമില്ലാത്ത രാപകലുകള്‍ക്ക്  കാതോര്‍ത്ത് കിടക്കാൻ മാത്രമേ തനിക്ക് കഴിയു....

ജീവിതവും മരണവും സ്വയം തിരഞ്ഞെടുക്കാം എന്ന അഹങ്കാരത്തിന് ഒന്ന് ഉറക്കെ കരയാൻ പോലും കഴിഞ്ഞില്ല.

പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്തവരുടെ, മരിച്ചു ജീവിക്കുന്നവരുടെ ഒക്കെ ‘ജീറിയാട്രിക്’ വാർഡിലേക്ക് മാറ്റുമ്പോൾ അതും തനിക്ക് കിട്ടിയ ഒരു ഔദാര്യമാണെന്ന് വൈകിയേ അറിഞ്ഞൊള്ളു, കുട്ടന്റെ ഔദാര്യം!

മാഞ്ഞുപോകുന്ന ഓർമ്മകളിൽ ഇന്നലകൾ വേദന പകർന്നു…

ജോലിത്തിരക്കുകൾ ഒഴിയുമ്പോൾ പലപ്പോഴും ഡോക്ടർ മുരളി അടുത്തുവന്നിരിക്കും. ജീവനറ്റ കയ്യിൽ തലോടി വിശേഷങ്ങൾ ചോദിക്കുന്നതിനിടയിലാണ് മുരളി ഒരിക്കൽ ചോദിച്ചത്..

‘അങ്കിൾ ആരാണു കുട്ടൻ, മോനാണോ?

‘ഉം ..’

കൂടുതൽ സംസാരിക്കാൻ താല്പര്യം കാണിക്കാത്തത് കൊണ്ടാവണം മുരളി ഒന്നും ചോദിക്കാതെ എഴുനേറ്റ് പോയി.

ജീവിതവും മരണവും ഒളിച്ചു കളി തുടരവേ ദിവസങ്ങൾ അടര്‍ന്നു വീണു. കൈത്തണ്ടയില്‍ അമരുന്ന മുരളിയുടെ സ്പര്‍ശനങ്ങള്‍ക്ക് അബോധ മനസ്സ് കുട്ടന്റെ മുഖച്ഛായ പകര്‍ന്നു വെച്ചു. ഉണര്‍വിന്‍റെ  നിമിഷങ്ങളിൽ ഒരിക്കലെങ്കിലും അഛനേ തേടിവരുമെന്ന് പ്രതീക്ഷിക്കുന്ന തന്റെ മകന്‍റെ മുഖം...
കുട്ടൻ… എവിടെയായിരിക്കും അവനിപ്പോൾ…?

ഓർമ്മകളുടെ വിദൂരതയില്‍ അവൻ കൊച്ചരിപ്പല്ലുകാട്ടി ചിരിക്കുന്നു.

വാരന്ത്യങ്ങളിലെ ഉച്ചകളിൽ നന്ദയുടെ മടിയിൽ തലവെച്ചു കിടന്ന് ടി. വി. കാണുമ്പോഴാകും കുട്ടൻ നെഞ്ചിൽ  കയറിക്കിടക്കുക. കുഞ്ഞു കഥകളിലെ രാജകുമാരനായി കുതിരപ്പുറത്തും കാട്ടിലുമൊക്കെയുള്ള കളികഴിഞ്ഞ് അവൻ അവിടെ തന്നെ കിടന്നുറങ്ങും.

ഗ്രാമത്തിന്റെ നിഷ്കളങ്കതയും ബാല്യത്തിന്റെ ചാരുതയും ഒട്ടും ചോര്‍ന്നു പോകാതെ കഥകളിലൂടെ,  പുസ്തകങ്ങളിലൂടെ അവന്റെ മനസ്സിൽ വരച്ചു വെക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു. ഒറ്റപ്പെടുന്ന അച്ഛനും അമ്മയ്ക്കും കൂട്ടിനായി നന്ദയും കുട്ടനും നാട്ടിലേക്ക് പോയതോടെ ജീവിതത്തിൽ നിറമുള്ള വെളിച്ചം നിറയുന്നത്  അവധിക്കാലങ്ങളില്‍ മാത്രമായി.

പലപ്പോഴായി പറഞ്ഞുകേട്ട കഥകളുടെ നുറുങ്ങുകൾക്ക് കാതോർത്തിരിക്കുമ്പോഴാണ് ഒരിക്കൽ മുരളി ചോദിച്ചത്,

‘ഇത്രയേറെ സ്നേഹിച്ചിട്ടും പിന്നെ എപ്പോഴാണ് കുട്ടൻ അകന്നുപോയത് അങ്കിൾ?’

അപ്പോൾ മറുപടി ഒന്നും പറയാനായില്ല. വാർഡിലെ മങ്ങിയ വെളിച്ചത്തിൽ ഉറക്കം വരാതെ കിടന്നപ്പോൾ കൊതിച്ചു, ആകശത്തിന്റെ ഒരു നുറുങ്ങൊന്നു കാണാൻ കഴിഞ്ഞെങ്കിൽ… മഴയുടെ ഇരമ്പലിനൊന്നു കാതോർക്കാൻ കഴിഞ്ഞെങ്കിൽ… കൂമൻ മൂളുന്ന രാവുകളിൽ നിശാഗന്ധികൾ പൂക്കുന്നത് നോക്കിയിരിക്കാൻ കഴിഞ്ഞെങ്കിൽ…!

കണ്മുന്നിലുണ്ടായിട്ടും ജീവിതത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പോയവ… ഇപ്പോൾ നഷ്ടമായപ്പോൾ തിരിച്ചു കിട്ടിയെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നതിന്റെ ഉള്ളുലക്കുന്ന തിരിച്ചറിവുകൾ!

മരണത്തിന്റെ പതിഞ്ഞ കാൽവെപ്പുകൾ പടിവാതിലിലെത്തി മടങ്ങിപ്പോകുന്നതും കേട്ടുകിടക്കുന്ന രാവുകളിലൊക്കെ  ആലോചിച്ചു, ജീവിതത്തെ ഇത്രയധികം സ്നേഹിച്ചിട്ടും എങ്ങനെയാണ് ഞാന്‍ തനിച്ചായത്?

യൌവ്വനം ആഘോഷം പോലെ കൊണ്ട് നടന്ന കാലത്ത് ജീവിതത്തിൽ ലഹരി നിറച്ച് പലരും വന്നുപോയെങ്കിലും നന്ദ ജീവിതത്തില്‍ വന്നതോടെ അവളിലേക്കും പിന്നെ കുട്ടന്റെ വരവോടെ അവർ രണ്ടാളിലെക്കും മാത്രമായി തന്റെ ലോകം ചുരുങ്ങി.

അവധിക്കാലങ്ങളിൽ നാട്ടിലെത്തുമ്പോൾ നന്ദയെ സ്നേഹിച്ചും ലാളിച്ചും സ്വയം മറക്കുന്ന ദിനങ്ങൾ. അവളുടെ ഇഷ്ടങ്ങളില്‍ മാത്രം സന്തോഷം കണ്ടെത്തി. ഇടയ്ക്കെപ്പോഴെങ്കിലും കുട്ടൻ ഞങ്ങള്‍ക്കിടയിൽ വന്നു പോയി. സൌഹൃദം പുതുക്കലും ബന്ധു സന്ദര്‍ശനങ്ങളുമായി അവധിക്കാലങ്ങൾ ഓടിമറഞ്ഞു.

കൌമാരത്തിന്റെ കുസൃതികളില്‍ ശാസിക്കാതെ,  മനസ്സിൽ കുട്ടനെ ചേര്‍ത്ത്  നിര്‍ത്തി  പുഞ്ചിരിച്ചു. അവനൊപ്പം എന്റെു സ്വപ്നങ്ങളും ആകാശത്തിന്റെള അതിരോളം വളര്‍ന്നു... പക്ഷെ ആ വളർച്ചക്കിടയിൽ അച്ഛനിൽ നിന്നു അവന്‍റെ ദൂരം കൂടിയത് ഒരിക്കലും അറിഞ്ഞില്ല... അതോ അറിയാന്‍ ശ്രമിക്കാതെ പോയതോ?

ഒരു ജന്മത്തിനൊടുവിൽ വീണു ചിതറുമ്പോൾ മാത്രം സുഗന്ധം പരത്തുന്ന ഏതോ കനി പോലെയാണ് അവനോടുള്ള സ്നേഹം നിറച്ച തന്റെ ഹൃദയവും എന്ന് ഒരുപാട് വൈകിയാണ് മനസ്സിലായത്. 

അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ്ടത് അമ്മയാണ്... ഒരിക്കലും നന്ദ അത് ചെയ്തില്ല... പകരം അവന്റെ അവകാശി എന്നപോലെ അവൾ മാത്രം അവനിൽ നിറഞ്ഞു. ഇടക്കെപ്പോഴോ വീണുകിട്ടുന്ന അവധിക്കാലത്തേ വിരുന്നുകാരൻ മാത്രമായി മാറുന്നു അച്ഛൻ എന്നതും അറിയാതെ പോയി.

ഫോണിലായാലും നേരിലയാലും പതിവ് ചോദ്യങ്ങൾ കഴിഞ്ഞാൽ ഞങ്ങള്‍ക്കിടയിൽ സംസാരിക്കാൻ പിന്നെ വിഷയങ്ങൾ ഇല്ലാതായി. എങ്കിലും  മറ്റാരും അറിയാതെ മനസ്സിൽ അവനായി കാത്തുവെച്ച സ്നേഹവും ഒത്തിരി സ്വപ്നങ്ങളുമുണ്ടായിരുന്നു.

സ്കോളര്‍ഷിപ്പ് കിട്ടി ഉന്നത പഠനത്തിനായി കുട്ടൻ വിദേശത്ത് പോകുന്ന ദിവസം… യാത്ര ചോദിച്ച് വാതിൽക്കലെത്തി അവൻ തിരിഞ്ഞു നിന്നു...

‘അച്ഛൻ... എന്നെങ്കിലും എന്നേ സ്നേഹിച്ചിട്ടുണ്ടോ?’

ഒരു നടുക്കത്തിൽ നിന്നുണരുമ്പോഴേക്കും കണ്ണീരിന്റെ മങ്ങിയ കാഴ്ചയിലൂടെ അവൻ നടന്നകന്നിരുന്നു! ഹൃദയം കൊത്തി വലിച്ച് അവന്റെ ചോദ്യം പിന്നെയെന്നും മുഖത്തിനു നേരെ തൂങ്ങിക്കിടന്നു.

ചോദ്യങ്ങളുടേയും ഉത്തരങ്ങളുടേയും നിയതമായ കള്ളികളിൽ ജീവിതത്തെ തളച്ചിടാതെ, പിടിച്ചടക്കലുകളില്ലാതെ,  പങ്കുവെക്കലുകൾ മാത്രമായിരുന്നു നന്ദയുമൊത്തുള്ള ജീവിതം. എന്നിട്ടും മൌനത്തിന്റെ നിഴലുകൾ പതുക്കെ പതുക്കെ വന്നു കയറി. പറയാനില്ലാതെ, ചോദിക്കാനില്ലാതെ, കേള്‍ക്കാനില്ലാതെ  ദിവസങ്ങള്‍ എവിടേക്കോ യാത്ര പോയി. വികാരങ്ങളൊക്കെ വാങ്ങിനിറയ്ക്കാൻ മാത്രം ശീലിച്ച അവൾ ഒരിക്കലും എനിക്ക് എന്നെത്തന്നെ നഷ്ടമാകുന്നത് അറിയാന്‍ ശ്രമിച്ചില്ല......

അടുത്തിരിക്കുമ്പോഴും അകലേക്ക്‌ അകലേക്ക്‌ പോയ നാളുകള്‍ ...

സ്നേഹിച്ച് ഒരിക്കലും മതിയാകില്ല എന്നു കരുതിയവർക്കിടയിൽ നിശ്ശബ്ദമായി പോകുന്ന വാക്കുകളിൽ ജീവിതം മെല്ലെ മെല്ലെ ഉലഞ്ഞു തുടങ്ങിയതു പോലും അറിഞ്ഞില്ല, അറിയാൻ ശ്രമിച്ചില്ല. പരിഭവത്തിന്റെ നിമിഷങ്ങള്‍ക്ക് ‌ അസുഖകരമായ നീളം കൂടാൻ തുടങ്ങിയപ്പോൾ പുറം തിരിഞ്ഞു കിടക്കുന്ന ദാമ്പത്യത്തിന്റെ ദിനങ്ങളുടെ എണ്ണവും കൂടി.

ബന്ധങ്ങള്‍ ഭാരങ്ങളായി ഇരുവര്‍ക്കും  തോന്നിയ ഏതോ ഒരു ദിവസം നന്ദ പറഞ്ഞു...

‘പറയാനും പങ്കുവെക്കാനും ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ജീവിതം? നമുക്ക്‌ നമ്മളെ പോലും വിശ്വസിപ്പിക്കാൻ കഴിയാതെ പോകുമ്പോൾ, പിന്നെ ആ ര്‍ക്കുവേണ്ടിയാണ് നമ്മുടെയീ വേഷംകെട്ടൽ ? എന്നെ ആവിശ്യമുള്ള ചില പാവങ്ങൾ ഈ ലോകത്തുണ്ട്. ഇനി എന്റെ ജീവിതം അവരുടെ കൂടെയാണ്… പിണക്കമൊന്നുമില്ല കേട്ടോ, നിങ്ങൾക്ക് ജീവിച്ചു തീർക്കാൻ ഒരു ജീവിതം ഉണ്ടല്ലോ.’

അടുത്ത ദിവസം നന്ദ യാത്ര പറഞ്ഞ് പോയത് നിർവികാരതയോടെയാണ് കണ്ട് നിന്നത്.

ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോയവർ  മടങ്ങി വന്നില്ല, ഒരിക്കലും... വായിച്ചുമടുത്ത പുസ്തകത്തിലെ മടക്കി വെച്ച അദ്ധ്യായം പോലെ അവരുടെ ഓര്‍മ്മകളുടെ അലമാരയിൽ ഞാൻ പൊടിപിടിച്ചു കിടന്നു.

പിന്നെ അതുവരെയുള്ള മേല്‍വിലാസങ്ങളൊക്കെ നഷ്ടപ്പെട്ട് എങ്ങോട്ടൊക്കെയോ ഒഴുകിപ്പോയ ഒരു ജീവിതം....  ഒന്നിനുമല്ലാതെ, ആർക്കും വേണ്ടാതെ... ചിതലരിച്ച പ്രതീക്ഷകളുടെ മൺകൂനകൾ പോലെ ദിവസങ്ങൾ ജീവിതത്തിനു മേലെ  അടര്‍ന്നു  വീണുകൊണ്ടേയിരുന്നു. അതിനടിയില്‍ നിന്നും ആയാസപ്പെട്ട്, മങ്ങിയ കാഴ്ചകളിലേക്ക് ഏതോ ഒരു ദിവസം കണ്ണ് തുറന്നപ്പോൾ അവൾ… 

ജന്മാന്തര സൌഹൃദത്തിന്റെ നീട്ടിയ വിരല്‍ത്തുമ്പുകളിലേക്ക് ആര്‍ത്തിയോടെയാണ് കൈനീട്ടിയത്…

കാലങ്ങളായി തേടിയിരുന്നവൾ എന്നപോലെ അവള്‍ക്കൊപ്പം നടക്കവേ ഉടഞ്ഞുചിതറിയ ജീവിതത്തിന്റെ കണ്ണാടിച്ചില്ലുകൾ വാരിയടുക്കി എന്റെ നേർക്കവൾ കാണിച്ചു...

‘നോക്കൂ, നിന്നെ… നീ തന്നെ ഉടച്ച് കളഞ്ഞ നിന്റെ ജീവിതത്തെ....’

അമ്പരന്ന്, പകച്ചുനോക്കി നിൽക്കുമ്പോൾ അവൾ ആശ്വസിപ്പിച്ചു,

‘പേടിക്കണ്ട... ഉടവുകളില്ലാതെ ഞാനിത് മാറ്റി നിനക്ക് തിരിച്ചു തരും.’

‘അതിനിനി സമയമില്ലല്ലോ? എന്റെ സമയം തീരാറായി....’

ഹാ.. ഹാ. ഹാ… അവൾ ചിരിച്ചു... പിന്നെ പറഞ്ഞു,

‘നിനക്കും എനിക്കും ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒട്ടും കൂടാതെ, ഒട്ടും കുറയാതെ തുല്യമായി ലഭിക്കുന്നത് ഒന്നേയുള്ളു, സമയം….. the great equalizer! അത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്കേ വിജയിക്കാൻ കഴിയു… നിന്റെ തെറ്റുകളെ നീ അംഗീകരിക്കാനും ഉൾക്കൊള്ളാനും ശ്രമിക്കൂ… അല്ലാതെ ജീവിതകാലം മുഴുവന്‍ സ്വയം ശിക്ഷിച്ചിട്ടെന്തു കാര്യം?’

ജീവിതത്തിന്റെ് വഴികളിൽ അലഞ്ഞു തളര്‍ന്ന എനിക്ക് അവൾ അമ്മയും, സഹോദരിയും, ഗുരുവും, വഴികാട്ടിയും,  കളിക്കൂട്ടുകാരിയും എല്ലാം ആയി. അടുത്തിരിക്കുമ്പോൾ സാമീപ്യം കൊണ്ടും, അകലെയാകുമ്പോൾ വാക്കുകൾ കൊണ്ടും അവൾ എനിക്ക്  ഊര്‍ജ്ജം പകര്‍ന്നു. പരാജിതന്റെ ശരീരഭാഷ എന്നില്‍ നിന്നും മാഞ്ഞുതുടങ്ങി... വിജയങ്ങള്‍ എനിക്കൊപ്പം നടന്നു... ജീവിതത്തിന്റെ കണ്ണാടിയിൽ സന്തോഷത്തിന്റെ സൂര്യവെളിച്ചം വെട്ടിത്തിളങ്ങുമ്പോൾ അവൾ എപ്പൊഴും ഓർമ്മിപ്പിച്ചു,

‘നന്ദയും, കുട്ടനും... ഈ വെളിച്ചത്തിൽ അവരും കൂടെ ഉണ്ടെങ്കിലേ നിന്റെ തിളക്കം കൂടൂ. അവർ ഉണ്ടാവണം എന്നും നിന്നോടൊപ്പം.’

‘പക്ഷേ നീ...’

അവൾ തെളിഞ്ഞു ചിരിച്ചു...

‘ഞാൻ ഉണ്ടാവും എന്നും കൂടെ... ഒരു വേനലിനും തളർത്താനും, കരിക്കാനും നിന്നേ വിട്ടു കൊടുക്കാതെ.’

പകലുകൾ പിന്നെയും പ്രകാശിച്ചു... രാവുകളില്‍ നിശാഗന്ധികൾ സുഗന്ധം പരത്തി. പുലർമഞ്ഞിൽ നക്ഷത്രങ്ങൾ തിളങ്ങി. ദിവസങ്ങൾ നിറമുള്ളതായപ്പോൾ മനസ്സിൽ എന്നൊ മറന്നുപോയ യൌവ്വനത്തിന്റെ ഇന്നലകൾ കുസൃതികളുമായി കടന്നുവന്നു. വികാരങ്ങളിൽ ചിത്രശലഭങ്ങൾ പാറിപ്പറന്നു. എന്ത് തെറ്റ് ചെയ്താലും അവൾ പൊറുക്കുമെന്ന വിശ്വാസം... പക്ഷേ ആ കുസൃതികൾ അവളേ തകർത്തുകളയും എന്നറിഞ്ഞില്ല.

വിശ്വാസത്തകര്‍ച്ചയുടെ അഗ്നിയിൽ അവൾ വെന്തു നീറുന്നതു നിശ്ശബ്ദനായി നോക്കി നില്ക്കാനേ കഴിഞ്ഞുള്ളൂ..  തൊണ്ടയിൽ ഉറഞ്ഞ കണ്ണുനീരിൽ അവളുടെ വാക്കുകള്‍ക്ക് ഖനിയുടെ ചൂടും ആഴവും ഉണ്ടായിരുന്നു…

‘നീ എന്നെങ്കിലും ആരേയെങ്കിലും സ്നേഹിച്ചിട്ടുണ്ടോടാ? അല്ല, നീ സ്നേഹിച്ചിട്ടുണ്ട്, നിന്നേ മാത്രം... നിന്റെ ഇഷ്ടങ്ങളെ മാത്രം... നിന്റെ സൌകര്യം പോലെ.. അല്ലേ?

അതുവരെ ജീവിതത്തെ ജ്വലിപ്പിച്ച വെളിച്ചവും നിറങ്ങളും അവള്‍ക്കൊപ്പം പടിയിറങ്ങി..

‘അങ്കിൾ...’

നെറ്റിയില്‍ തലോടി ഡോക്ടർ മുരളി.

‘അല്ലാ, ഇന്നെവിടെയായിരുന്നു... കണ്ടില്ലല്ലൊ?’

കയ്യിൽ മുരളിയുടെ വിരലുകൾ മെല്ലെ അമർന്നു. സംസാരിക്കാൻ വിഷമിക്കുന്നതുപോലെ...

‘അങ്കിൾ ഞാൻ യാത്ര പറയാൻ വന്നതാണ്. എന്റെ സ്കോളർഷിപ്പ് ശരിയായി... നാളെ വിദേശത്തേക്ക് പോകുന്നു... കുട്ടന് തിരക്കാണ് എങ്കിലും വരും... ഞാന്‍ ഫോൺ ചെയ്തിരുന്നു.’

മുരളിയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി, പിന്നെ അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ വേണ്ട എന്ന് ആംഗ്യം കാട്ടി, മനസ്സില്‍ പറഞ്ഞു ‘ഉം.. പൊക്കോളൂ, നല്ലതേ വരൂ...’

നിറഞ്ഞു വരുന്ന കണ്ണുകൾ ഇറുകെയടച്ചു. കുട്ടന്‍ തന്നെക്കാണാൻ വരുമെന്നോ? 

അപ്രതീക്ഷിതമായി കേട്ട വാക്കുകള്‍ ഞരമ്പുകളിൽ ഒഴുക്കുന്ന ജീവന്റെ തുള്ളികളില്‍ വീണു പിടഞ്ഞു... അത് താങ്ങാനാവാതെ ഹൃദയം വലിഞ്ഞു മുറുകി... ഓര്‍മ്മകളുടെ വേരുകൾ ഒന്നൊന്നായി അറ്റു വീണു…

കണ്ണീരൊളിപ്പിച്ച ചിരിയുമായി കുട്ടൻ മുന്നിൽ...

മരവിച്ചുപോയ വലതു കൈവിരലുകള്‍ അറിയാതെ അവനിലേക്ക് നീണ്ടു...

കയ്യിൽ പരുക്കന്‍ വിരലുകളുടെ സ്പര്‍ശം.. സ്നേഹത്തിന്റെ ഊഷ്മളത ശ്വാസകോശങ്ങളിൽ പ്രാണവായു നിറച്ചു... കൺപോളകൾക്കപ്പുറത്തേക്ക് മറഞ്ഞ കൃഷ്ണമണികൾ തിരികെ എത്തി... ജാലകപ്പടിയിൽ മറഞ്ഞു നിന്ന കറുത്ത നിഴല്‍ പിൻവാങ്ങി... സുഖകരമായ ഉറക്കത്തിലേക്ക് മനസ്സ് വഴുതിപ്പോയി...

‘എന്തിനാ ഡോക്ടര്‍ ? പാവം... ഉണര്‍ന്നാൽ അറിയില്ലേ?‘ ആന്സി സിസ്റ്റർ ഡോക്ടർ മുരളിമോഹനോടു ചോദിച്ചു...

‘ഇല്ല സിസ്റ്റര്‍ ... അദ്ദേഹം ഇനി ഓര്‍മ്മകളുടെ ലോകത്തേക്ക് തിരിച്ചു വരില്ല… ഈ സ്പന്ദനങ്ങള്‍ ഏതാനും മണിക്കൂറുകള്‍ കൂടിയേ ഉള്ളു... അതുവരേയ്ക്കും ജീവൻ ഈ സ്പര്‍ശത്തിലാണ്... ഇത് വെറുമൊരു ആർട്ടിഫിഷ്യൽ ലിംബ് അല്ല... ഈ കാലമത്രയും അദ്ദേഹം തന്നെ തലോടുമെന്നു കൊതിച്ച മകന്റെ കയ്യാണ്... ആ ഒരു സന്തോഷത്തോടെ അദ്ദേഹം പൊയ്ക്കോട്ടേ... വേറൊന്നും നമുക്ക് ചെയ്യാനില്ല.....’

ആരോ തന്നെ ഉറ്റു നോക്കി അടുത്ത് നില്ക്കുകന്നതുപോലെ... അടഞ്ഞ കണ്ണുകൾക്കപ്പുറത്ത് നിന്നും ഹൃദയത്തിലേക്ക് ഒഴുകി എത്തുന്ന സ്നേഹത്തിന്റെ  നിശ്വാസം.

“അള്ളാഹു അക്ബർ... അള്ളാഹു അക്ബർ...”

പുറത്ത് നിന്ന് ഒഴുകിവരുന്ന മഗ്‌രിബ് നമസ്കാരത്തിനുള്ള ബാങ്ക് വിളി…

കണ്ണുകൾ തുറന്നു... മുറിയിൽ നിറയാൻ തുടങ്ങിയ ഇരുട്ടു മാത്രം...

കയ്യിലമര്‍ന്നിരിക്കുന്ന വിരലുകളിലേക്കുള്ള നോട്ടം നീണ്ടു… പ്രാണന്റെ തുള്ളികള്‍ പോലെ ഇറ്റിറ്റു വീഴുന്ന ജീവജലം നിറഞ്ഞ കുഴലിന്റെ സ്‌റ്റാന്റിൽ പിടിപ്പിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ലിംബിൽ എത്തി തടഞ്ഞു നിന്നു! 

മനസ്സും ശരീരവും ആ തിരിച്ചറിവില്‍ വിറകൊണ്ടു... പിന്നെ ഇതുവരെ ഒഴുകി രക്തത്തില്‍ കലര്‍ന്ന ജീവന്റെ  സ്പന്ദനങ്ങൾ അതിവേഗം കുഴലിലേക്ക് തിരികെ ഒഴുകാന്‍ തുടങ്ങി... അത്  ജീവനില്ലാത്ത മരക്കയ്യിലൂടെ നിലത്ത് വീണു പടിവതിലും കടന്നു പുറത്തേക്കൊഴുകി.  അനാഥത്വത്തിന്റെ തണുപ്പില്‍ മരവിച്ചു കിടക്കുന്ന ജന്മങ്ങളിൽ നിന്നും ഒരു നിലവിളിയോടെ ഒലിച്ചിറങ്ങിയ പ്രാണന്റെ നീര്‍ച്ചാലുകൾ ഒന്ന് ചേര്‍ന്നു  ഭൂമിയുടെ ഹൃദയം തേടി ഒഴുകി…

(ചിത്രം: കടപ്പാട് ഗൂഗിള്‍ )

48 Response to "സ്പന്ദനം"

  1. അനിലേട്ടാ ഞാനാദ്യായിട്ടാ ഏട്ടന്റെ ഒരു കഥ വായിക്കുന്നത്.!അതും ഇങ്ങനെ ഒന്ന് വച്ച് തുടങ്ങി.! മനസ്സിനെ കൊളുത്തി വലിച്ച ഒരു പ്രതീതി,ഇത് വായിച്ച് മുഴുമിപ്പിച്ചപ്പോൾ. ഇതിൽ വല്ലാതെ എന്റെ മനസ്സിനെ ഉഴുതു മറിച്ച വരികൾ ഇതാണ്,

    'കയ്യിൽ പിടിച്ചിരിക്കുന്നത് കുട്ടനല്ല! വെളുത്ത കോട്ടണിഞ്ഞ് കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമായി ഡോക്ടർ… തിളങ്ങുന്ന കണ്ണുകളിലെ സാന്ത്വനഭാവം… തൊട്ടടുത്ത് ഇളംനീല യൂണിഫോമിൽ നഴ്സുമാർ. ബഡ്ഡിനടുത്ത് ഏതൊക്കെയോ മെഷീനുകൾ… ചോരയും, നീരും, ജീവശ്വാസവും ഒക്കെയായി തന്നിലേക്ക് നീളുന്ന അസംഖ്യം കുഴലുകൾ.'

    ഭയങ്കരമായ,വിവരിക്കാനാവാത്ത എന്തോ ഒരു വിങ്ങൽ മനസ്സിൽ.! വളരെയധികം നന്നായിട്ടുണ്ട്. ആ ആർട്ടിഫിഷ്യൽ ലിമ്പ് നഴ്സിന്റെ കയ്യിൽ കാണുമ്പോൾ അയാളുടെ വികാരം എന്താവുമെന്ന് എത്രയാലോചിച്ചിട്ടും മനസ്സിൽ കിട്ടുന്നില്ല.

    ആശംസകൾ.

    ആഹാ നല്ല ഹൃദയസ്പര്‍ശിയായ കഥ , കൂടെ കൂടുന്നു വീണ്ടും വരാം വായിക്കാം അഭിപ്രായം പറയാം സ്നേഹാശംസകളോടെ @ PUNYAVAALAN

    അനിൽകുമാറിന്റെ കഥ വായിച്ചിട്ട് വളരെക്കാലമായി എന്ന് ഇപ്പോഴാണ് ഓർക്കുന്നത്.. മനസ്സിൽ സ്പന്ദനം ഉണർത്തുന്ന നല്ലൊരു കഥ.

    ഈ നല്ല കഥക്ക് ആശംസകൾ ... നീണ്ട ഒരു കമന്റിന്റെ ആവശ്യം ഇവിടെ ഇല്ലാ കാരണം...കാരണം അനിൽകുമാർ ഒരു നല്ല കഥാകാരനാണെന്ന് എന്നേ തെളിയിച്ച് കഴിഞ്ഞിരിക്കുന്നൂ.... നന്ദി അനുജാ....ഒരു നല്ല വായന തന്നതിനു

    മനസ്സില്‍ തട്ടിയ കഥ.തിരികെ ലഭിക്കാത്ത സ്നേഹവും മനസ്സിന്റെ വിഹ്വലതകളും നന്നായി ആവിഷ്കരിച്ചു. ആശംസകള്‍.

    കഥ നന്നായി പറഞ്ഞു
    നല്ല ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട്, ഇനിയും ഒരുപാട് നല്ല കഥകൾ എഴുതുക
    ആശംസകൾ

    Unknown says:

    മനസ്സില്‍ തട്ടിയ കഥ
    എല്ലാ ആശംസകളും

    shams says:

    സീപീ..
    ചുറ്റുവട്ടത്ത് കണ്ട ആരുടെയൊക്കെയോ ഛായ കഥാപാത്രങ്ങള്‍ക്ക്. നന്നായിരിക്കുന്നു.

    നല്ല കഥ, അതിലേറേ നല്ല അവതരണം. അഭിനന്ദനങ്ങൾ.

    കഥയുടെ അവതരണം, കഥയെ കൂടുതല്‍ ഹൃദയ സ്പര്ശിയാക്കി.
    ആശംസകള്‍

    അനിലേ, ആദ്യമായാ ഇവിടെ..സുധിയുടെ പ്ലസ്സ് വഴി വന്നതാ..

    മൻസ്സിൽ തട്ടുന്ന എഴുത്ത്.. അഭിനന്ദനങ്ങൾ

    >>>അദ്ദേഹം ഇനി ഓര്‍മ്മകളുടെ ലോകത്തേക്ക് തിരിച്ചു വരില്ല… ഈ സ്പന്ദനങ്ങള്‍ ഏതാനും മണിക്കൂറുകള്‍ കൂടിയേ ഉള്ളു... അതുവരേയ്ക്കും ജീവൻ ഈ സ്പര്‍ശത്തിലാണ്... ഇത് വെറുമൊരു ആർട്ടിഫിഷ്യൽ ലിംബ് അല്ല... ഈ കാലമത്രയും അദ്ദേഹം തന്നെ തലോടുമെന്നു കൊതിച്ച മകന്റെ കയ്യാണ്... ആ ഒരു സന്തോഷത്തോടെ അദ്ദേഹം പൊയ്ക്കോട്ടേ... വേറൊന്നും നമുക്ക് ചെയ്യാനില്ല<<<
    മനസ്സില്‍ തട്ടിയ എഴുത്ത്...!
    ഈ നല്ല കഥക്ക് അഭിനന്ദനങ്ങൾ അനിലേട്ടാ ..!

    കുറെ നാളായി അനിലിന്‍റെ കഥകള്‍ കണ്ടിട്ട്. പതിവുപോലെ ഇതും മികച്ചതായി.

    വായനക്കൊടുവില്‍ നെഞ്ചില്‍ ഒരുനീറ്റലുണ്ടായെങ്കില്‍ അത് ഈ ആഖ്യാന മികവുകൊണ്ടുതന്നെ..!
    ഒറ്റപ്പെടുന്ന വാര്‍ദ്ധക്യങ്ങളുടെ മനോവിചാരങ്ങള്‍ അസ്സലായി പകര്‍ത്തി.
    ഈ നല്ലെഴുത്തിന് ആശംസകള്‍..
    സസ്നേഹം പുലരി

    prabha says:

    കൊള്ളാം കോവാലാ

    ajith says:

    കുട്ടന്റെ അച്ഛനെ സന്തോഷത്തോടെ ഉറങ്ങാന്‍ വിട്ട ഡോക്ടര്‍ കഥാപാത്രം മനസ്സില്‍ തങ്ങിനില്‍ക്കും. മനോഹരമായ കഥ.

    കിടക്കയില്‍ മനസ്സ് മരിക്കാതെ, ശരീരം മരിച്ച കിടത്തം, സ്വന്തം മരനംവും കാത്തുള്ള കിടത്തം, അതിലെ ഒറ്റപെടല്‍.. കഥയുടെ ആഖ്യാന ശൈലി കൂടിയായപ്പോള്‍, വായനക്കാരന്റെ മനസ്സില്‍ തുളുമ്പി നില്‍ക്കുന്ന ഒരു തുള്ളി കണ്ണ് നീര്‍ മാത്രം ബാക്കി..

    അവസാനം മനുഷ്യന്റെ ചിന്തളിലൂടെ മിന്നിമറിയുന്ന ഭൂതകാലവും, അനുഭവിക്കാന്‍ ആ സ്പന്ദനം തൊട്ടറിയാന്‍ കൊതിക്കുന്ന മനസ്സിന്റെ ആഗ്രഹം നന്നായി അവതരിപ്പിച്ചു.

    അനുവാചകഹൃദയങ്ങളില്‍ വിവിധ വികാരവിചാരങ്ങള്‍ സൃഷ്ടിക്കാന്‍
    പര്യാപ്തമായ ആഖ്യാനശൈലി രചനയെ മനോഹരമാക്കിയിരിക്കുന്നു.
    ആശംസകള്‍

    അനിലേട്ടാ... ബ്ലോഗ് വായനയിലേക്ക് പതിയെ തിരിച്ചുവരുന്നതിനിടയില്‍ ഈ കഥ ബ്ലോഗില്‍ സജീവമാകാന്‍ പ്രേരിപ്പിക്കുന്നു.

    മനോഹരമായ കഥ...

    മനോഹരമായി എഴുതി.....

    അഭിനന്ദനങ്ങൾ മാത്രം. മാതൃകകാണുന്ന എഴുത്തുകളിൽ ഒന്നാണ്‌ വൈഖരി. മനസ്സിൽ പതിഞ്ഞു പോകുന്ന ഇതിലെ വാർദ്ധക്യം..

    "അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ്ടത് അമ്മയാണ്... ഒരിക്കലും നന്ദ അത് ചെയ്തില്ല... പകരം അവന്റെ അവകാശി എന്നപോലെ അവൾ മാത്രം അവനിൽ നിറഞ്ഞു. ഇടക്കെപ്പോഴോ വീണുകിട്ടുന്ന അവധിക്കാലത്തേ വിരുന്നുകാരൻ മാത്രമായി മാറുന്നു അച്ഛൻ എന്നതും അറിയാതെ പോയി..."

    ശരിയാണ് അനിൽ...
    അഛന്റെ സ്നേഹം മക്കൾക്ക് മനസ്സിലാവാൻ അമ്മമാർക്ക് കാര്യമായ റോൾ ഉണ്ടെന്നു തന്നെയാണ് എന്റെയും നിഗമനം.പ്രത്യേകിച്ച് പ്രവാസികൾക്കിടയിൽ...!
    അത്തരം ഒരു രചനാശ്രമത്തിലാണ് ഞാനും...
    കഥ നന്നായിരിക്കുന്നു...
    ആശംസകൾ...

    ഏറെക്കാലത്തിനുശേഷം എഴുതിയ ഈ കഥ എല്ലാ കൂട്ടുകാര്‍ക്കും ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. സ്നേഹത്തിനും നല്ല വാക്കുകള്‍ക്കും നന്ദി.

    ആശുപത്രിയെ പശ്ചാത്തലമാക്കിയ അനിലേട്ടന്റെ രണ്ടാമത്തെ കഥയാണിതെന്ന് തോന്നുന്നു. മുന്നത്തെ കഥയെ തേടിയെത്തിയ പുരസ്ക്കാരം ഈ കഥയെയും തേടിയെത്തട്ടെ! ആശംസകള്‍!

    നല്ല കഥ, മനോഹരമായി എഴുതി.
    ആശംസകള്‍....

    Yasmin NK says:

    മനൊഹരമായ കഥ..

    കഥ നന്നായല്ലോ. അഭിനന്ദനങ്ങള്‍.

    Unknown says:

    ഒരു ഇടവേളക്ക് ശേഷം വന്നത് ഒരു നല്ല കഥയുമായിട്ടാണല്ലോ? നല്ല അവതരണം.

    "അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ്ടത് അമ്മയാണ്... ഒരിക്കലും നന്ദ അത് ചെയ്തില്ല... പകരം അവന്റെ അവകാശി എന്നപോലെ അവൾ മാത്രം അവനിൽ നിറഞ്ഞു. ഇടക്കെപ്പോഴോ വീണുകിട്ടുന്ന അവധിക്കാലത്തേ വിരുന്നുകാരൻ മാത്രമായി മാറുന്നു അച്ഛൻ എന്നതും അറിയാതെ പോയി"

    ഇക്കഥയിൽനിന്ന് മുത്ത് പോലെ പെറുക്കിയെടുത്ത് മാറ്റിവെയ്ക്കാവുന്ന ജീവൽ പ്രധാനമായ ഒരാശയം.

    കഥ ആസ്വദിക്കുന്നതിനിടയിലും കണ്ണിലുടക്കിയ പരമപ്രധാനമായൊരു കാര്യം.

    ഈ ആശയത്തെ കഥയിൽ സന്നിവേശിപ്പിച്ചതിന് ഒരു സല്യൂട്ട്.

    ഈ നല്ല കഥയ്ക്ക് ആശംസകള്‍ ...!

    ചിലജീവിതങ്ങള്‍ അങ്ങനെയാണ് .കൂടെയുള്ളവരുടെ ഓര്‍മ്മകളില്‍ പൊടിപിടിച്ചു കിടക്കുകയെ ഉള്ളു ..അനാഥത്വത്തിന്റെ നിലവിളികള്‍ കേള്‍ക്കാന്‍ ഭൂമിയുടെ ഹൃദയം മാത്രം..അതിന്റെ നീറ്റല്‍ വായനക്കാരിലേക്കും പകരുന്ന എഴുത്ത് ..

    ചിലജീവിതങ്ങള്‍ അങ്ങനെയാണ് .കൂടെയുള്ളവരുടെ ഓര്‍മ്മകളില്‍ പൊടിപിടിച്ചു കിടക്കുകയെ ഉള്ളു ..അനാഥത്വത്തിന്റെ നിലവിളികള്‍ കേള്‍ക്കാന്‍ ഭൂമിയുടെ ഹൃദയം മാത്രം..അതിന്റെ നീറ്റല്‍ വായനക്കാരിലേക്കും പകരുന്ന എഴുത്ത് ..

    വളരെ ഹൃദയസ്പര്‍ശമായി അവതരിപ്പിച്ചു.കണ്ണ് നിറയുന്ന ചില കാഴ്ച്ചകള്‍ ..

    Unknown says:

    നല്ല കഥ. ആശംസകൾ

    ഭൂമിയുടെ ഹൃദയം തേടുന്ന പ്രാണന്റെ നീർച്ചാലുകൾ...
    ഹൃദയംഗമമായ ഭാഷയിലുള്ള അവതരണത്തിന്‌ അഭിനന്ദനങ്ങൾ.

    നല്ലൊരു കഥ വായിക്കാം എന്ന വിശ്വാസത്തോടെതന്നെയാണ് വൈഖരിയില്‍ എന്നും എത്താറുള്ളത്
    ആ വിശ്വാസം ഇതുവരെ തെറ്റായി തോന്നിയിട്ടില്ല - ഇന്നും മറിച്ചല്ല , മനസ്സിനെ ആര്‍ദ്രമാക്കുന്ന നല്ല ആശയത്തില്‍ മറ്റൊന്നുകൂടി
    പല കഥാമത്സരങ്ങളുടെയും വിജയികളുടെ ലീസ്റ്റില്‍ താങ്കളുടെ പേര് കാണാറുണ്ട്‌ , എല്ലാത്തിനും കൂടിയുള്ള അഭിനന്ദനങള്‍ അറിയിക്കട്ടെ
    കൂടുതല്‍ ഉന്നതങ്ങളിലേക്ക് എത്തിപ്പെടട്ടെ എന്ന ആത്മാര്‍ഥമായ പ്രാര്തനകളോടെ ..

    "അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ്ടത് അമ്മയാണ്... ഒരിക്കലും നന്ദ അത് ചെയ്തില്ല... പകരം അവന്റെ അവകാശി എന്നപോലെ അവൾ മാത്രം അവനിൽ നിറഞ്ഞു. ഇടക്കെപ്പോഴോ വീണുകിട്ടുന്ന അവധിക്കാലത്തേ വിരുന്നുകാരൻ മാത്രമായി മാറുന്നു അച്ഛൻ എന്നതും അറിയാതെ പോയി..."
    ഹൃദയസ്പര്‍ശമായി അവതരിപ്പിച്ചു.
    ആശംസകൾ.

    വായിക്കുവാന്‍ താമസിച്ചുപോയി..നല്ല കഥ..നല്ല അവതരണം..അഭിനന്ദനങ്ങള്‍ അനിലേട്ടാ....

    ജീവിതാന്ത്യത്തിന്റെ ഒറ്റപ്പെടലിൽ ഭൂതകാലത്തിലേക്ക് ഒരെത്തിനോട്ടം എല്ലാ ഭാഗ്യദോഷികളുടേയും മനസിനെ മഥിക്കും.. കഥാകാരന്റെ ആവിഷ്കാര രീതി കഥയെ ജീവസുറ്റതാക്കി.. അഭിനന്ദനങ്ങൾ അനിൽ ഭായ്...!

    ഇവിടെയിതാദ്യം
    നല്ലൊരു കഥ
    വളരെ വിദഗ്ദമായി പറഞ്ഞു
    വാര്‍ധക്യത്തിന്റെ നാളുകളില്‍
    ഇത്തരം കുട്ടന്മാര്‍ക്കായി
    കേഴുന്ന നിരവധി ‘അച്ഛൻ
    മാരെ നമുക്ക് ചുറ്റും കാണാം
    നല്ല ആഖ്യായന ശൈലി
    എഴുതുക അറിയിക്കുക
    എന്റെ ബ്ലോഗില്‍
    ചേര്‍ന്നതില്‍ നന്ദി.
    വീണ്ടും കാണാം

    Admin says:

    ജീവിതസായാഹ്നത്തിലെ നിമിഷങ്ങള്‍ പലപ്പോഴും ഒറ്റപ്പെടലിന്റെതും,
    തിരിഞ്ഞുനോട്ടത്തിന്റേതും,
    വീര്‍പ്പടക്കലിന്റേതുമൊക്കെയാണ്...
    കഥ വളരെ മനോഹരമായി അവതരിപ്പിച്ചു.. ആശംസകള്‍..

    jasmin says:
    This comment has been removed by the author.
    latha says:

    Hridayathae thodunna kadha..valarae bhangiyayyi avatharippichchu...njan enthae ividae ethan late aayyathu...congratulations Anil..

    shahjahan says:

    മനസ്സില്‍ തട്ടിയ കഥ
    എല്ലാ ആശംസകളും

    ചില ജീവിതങ്ങള്‍ അങ്ങനെയാണ്... വായിയ്ക്കാന്‍ വൈകിയെങ്കിലും നല്ല വയനാനുഭവം ലഭ്ച്ചു... സ്നേഹ്ശംസകള്‍ ...

    nalla kadha....

    Nalina says:

    "തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് "
    അച്ഛനെ സ്നേഹിക്കാൻ പഠിപ്പിച്ചു പഠിപ്പിച്ചു അമ്മയുടെ സ്നേഹം മറന്നുപോകുന്ന മക്കളുമുണ്ട് ഇക്കാലത്ത്

Post a Comment

Related Posts Plugin for WordPress, Blogger...